‘തൃപ്തി നാടന്‍ സംഭാരം’ – പ്രതിസന്ധിയില്‍ നിന്നുയര്‍ന്നു വന്ന്

ജീവിതം ചിലപ്പോള്‍ നമ്മെ പരീക്ഷിക്കുന്നതിനൊപ്പം അതില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കാന്‍ കൂടെ പഠിപ്പിക്കും. എറണാകുളം എളമക്കര സ്വദേശിനി സുശീല എ.ജി അതിന്റെ മികച്ച ഉദാഹരണമാണ്. ജീവിതത്തിലെ കഠിനമായൊരു പരീക്ഷണഘട്ടത്തെ തന്നെ ഒരു സംരംഭത്തിന്റെ വിജയകഥയാക്കി മാറ്റിയ സ്ത്രീയാണ് സുശീല.

ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അഡ്മിന്‍ വിഭാ?ഗത്തില്‍ 45 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് കുടുംബത്തെ വല്ലാതെ നടുക്കിയ അസുഖവാര്‍ത്ത എത്തിയത്. ഭര്‍ത്താവ് നിത്യാനന്ദ ഷേണായിക്ക് ബ്ലഡ് കാന്‍സര്‍ സ്ഥിരീകരിച്ചത് കുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കി. എന്നാല്‍ തളരാതെ, എന്തെങ്കിലും ചെയ്യണം എന്ന ആത്മവിശ്വാസമാണ് സുശീലയെ മുന്നോട്ട് നയിച്ചത്. അങ്ങനെ കുറഞ്ഞ ചിലവില്‍ ആരംഭിച്ച ഒരു ഗ്ലാസ് സംഭാരമാണ് പിന്നീട് തൃപ്തി നാടന്‍ സംഭാരമെന്ന ബ്രാന്‍ഡായി വളര്‍ന്നത്.

ആശുപത്രി ചെലവുകള്‍ക്കൊപ്പം ഭര്‍ത്താവിനെ മാനസികമായി സജീവമാക്കുക എന്നതായിരുന്നു ബ്രാന്‍ഡ് തുടങ്ങാന്‍ പ്രചോദനമായത്. ഇന്ന് ഭര്‍ത്താവിന്റെ കൂടി സഹായത്തോടെയാണ് സംരംഭം മുന്നോട്ട് പോകുന്നത്.

കാന്താരി, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത്, യാതൊരു പ്രിസര്‍വേറ്റീവ്‌സും ഇല്ലാതെ തയ്യാറാക്കുന്ന സംഭാരം, ‘വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന അതേ രുചി’ എന്ന പേരില്‍ തന്നെ കസ്റ്റമേഴ്‌സിന്റെ ഹൃദയം കീഴടക്കി. അതോടൊപ്പം അച്ചാര്‍, മുളപ്പിച്ച പയര്‍, െ്രെഡ ഫ്രൂട്‌സ് എന്നിവയും ഈ ബ്രാന്‍ഡിന് കീഴില്‍ ലഭ്യമാണ്.

ആരംഭത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. വിലകുറച്ച് കാണല്‍, ഡെലിവറി ബുദ്ധിമുട്ടുകള്‍ തുടങ്ങി പല പ്രശ്‌നങ്ങളും നേരിട്ടു. എന്നാല്‍ ആത്മവിശ്വാസം വിട്ടുകളയാതെ അവര്‍ മുന്നേറി. അങ്ങനെ ഇന്ന് എറണാകുളം മുഴുവനും ആലപ്പുഴയിലേക്കും ബ്രാന്‍ഡ് വളര്‍ന്നു. ഹോള്‍സെയില്‍ മാര്‍ക്കറ്റുകളിലും തൃപ്തി നാടന്‍ സംഭാരം സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നു. ഓഫീസ് ജോലിക്ക് ശേഷം പാക്കിങ്ങും ഡെലിവറിയും വരെ കൈകാര്യം ചെയ്യുന്ന സുശീലക്ക്, ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് ഏറ്റവും വലിയ കരുത്ത്.

ഇന്ന് ‘തൃപ്തി നാടന്‍ സംഭാരം’ ഒരു ഉത്പന്നം മാത്രമല്ല, മറിച്ച് ഒരു സ്ത്രീയുടെ ആത്മവിശ്വാസവും ധൈര്യവുമാണ്. ഭാവിയില്‍ കാന്‍സര്‍ രോഗികളെ സഹായിക്കണമെന്ന ലക്ഷ്യത്തോടെ, ഓരോ ഗ്ലാസ്സിലും പ്രതീക്ഷയുടെ രുചി നിറച്ച് ഈ ബ്രാന്‍ഡ് മുന്നോട്ട് പോവുകയാണ്. അത്തരത്തില്‍ സ്വന്തം വേദനയെ മറ്റുള്ളവര്‍ക്കുള്ള ആശ്വാസമാക്കി മാറ്റാനുള്ള ആ മനസാണ് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.

ഒരു ഗ്ലാസ് സംഭാരത്തില്‍ തുടങ്ങി, ഇന്ന് അനവധി ഹൃദയങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു വിജയകഥ, അതാണ് ‘തൃപ്തി നാടന്‍ സംഭാരം’.

Leave a Reply

Your email address will not be published. Required fields are marked *