തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയില്‍ ഇന്ന് (ഡിസംബര്‍ 21) തുടക്കമാകുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി ഐ.എ.എസ് നിര്‍വഹിച്ചു. ക്രിസ്തുമസ് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണെന്നും ട്രിവാന്‍ഡ്രം ഫെസ്റ്റ് അത് ഒരുമയുടെ ആഘോഷമാക്കിയെന്നും കളക്ടര്‍ പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ജയചന്ദ്രന്‍ നായര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, ആക്ട്‌സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍സിങ്ങര്‍ യൂജിന്‍ പെരേര, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ , സി.എസ്.ഐ സൌത്ത് കേരള മഹായിടവക സെക്രട്ടറി ഡോ.റ്റി.റ്റി. പ്രവീണ്‍, റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍, റവ. ഡോ. എ.പി. ക്രിസ്റ്റല്‍ ജയരാജ്, റവ. ഡോ.ജെ. ജയരാജ്, സാജന്‍ വേളൂര്‍, പ്രൊഫ. ഷേര്‍ലി സ്റ്റുവര്‍ട്ട്, റ്റി. മനോജ്, അലക്‌സ് പാപ്പച്ചന്‍, മഞ്ചു തോമസ്, ഡെയ്‌സി സെബാസ്റ്റ്യന്‍, ഡോ. സുരേഷ് ബല്‍രാജ്, സേവ്യര്‍ ലൂക്ക് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഇന്ന് വൈകിട്ട് 6 മണി മുതലാണ് ഫെസ്റ്റിന് തുടക്കമാവുക. ഉദ്ഘാടന സമ്മേളനത്തില്‍ സി.എസ്.ഐ സഭ മോഡറേറ്റര്‍ കമ്മിസറി റൈറ്റ്. റവ. തിമോത്തി രവീന്ദര്‍ അധ്യക്ഷനാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിന് തിരിതെളിയിക്കും. വിവിധ ആത്മീയ സാമൂഹിക സംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യ വനിതാ ബീറ്റ് ബോക്‌സറും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ആര്‍ദ്ര സാജന്‍ ബീറ്റ് ബോക്‌സിംഗ് അവതരിപ്പിക്കും. തുടര്‍ന്ന് രാത്രി 8 മുതല്‍ ഇഷാന്‍ ദേവും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാന്‍ഡും അരങ്ങേറും.
തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ ഒരു വര്‍ഷാന്ത്യ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. നഗരത്തിന് നവ്യാനുഭവം പകരുന്ന രീതിയിലാണ് ലൈറ്റിംഗ് ഒരുക്കിയിരിക്കുന്നത്. അയ്യായിരം നക്ഷത്രങ്ങള്‍ക്ക് പുറമെ വൈദ്യുതദീപാലങ്കാരം ഇരുപതടി ഉയരമുളള സാന്റാ, മെഗാനക്ഷത്രങ്ങള്‍, പുല്‍ക്കൂടുകള്‍ എന്നിവയും ഫെസ്റ്റ് നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
120 അടി ഉയരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ മുഖ്യ ആകര്‍ഷണമാകും. വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളടങ്ങിയ ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്, ബേര്‍ഡ്‌സ് പാര്‍ക്ക്, വ്യാപാര സ്റ്റാളുകള്‍, ഗെയിമുകള്‍ എന്നിവ ഫെസ്റ്റില്‍ ഉണ്ടാകും. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതലാണ് എക്‌സിബിഷനുകളിലേക്കുളള പ്രവേശനം അനുവദിക്കുക. പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും.
