പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പിന് മുൻപായി സ്ഥാനങ്ങളിൽനിന്ന് താൻ മാറണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 75 വയസ്സ് കഴിഞ്ഞവർ പാർട്ടി സ്ഥാനങ്ങളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്നാണ് സിപിഎം തീരുമാനം.
23–ാം പാർട്ടി കോൺഗ്രസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 75 വയസ്സിനു മുകളിൽ പ്രായമുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ യുവാക്കൾക്കായി മാറണം. അടുത്ത ഇലക്ഷന് മുന്നോടിയായി സ്ഥാനമൊഴിയുമോ?എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തോട് പിണറായിയുടെ പ്രതികരണം ഇങ്ങനെ: ‘‘ ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് ഞാനല്ല. ഒരു വ്യക്തിക്ക് തീരുമാനമെടുക്കാൻ കഴിയില്ല. കൂട്ടായ തീരുമാനത്തിലൂടെയാണ് പാർട്ടി മുന്നോട്ടു പോകുന്നത്. പ്രായപരിധി മാനദണ്ഡം പാർട്ടി തുടരും. എന്റെ കാര്യമെടുത്താൽ, പാർട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഞാൻ എപ്പോഴും പാർട്ടിക്കായും, വിശാലമായ സമവായം അനുസരിച്ചുമാണ് പ്രവർത്തിച്ചിട്ടുള്ളത് പിണറായി പറഞ്ഞു.
അതേസമയം ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസിനെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫിന് അടിപതറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അന്‍വറിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. പ്രതിപക്ഷം മാത്രമല്ല, ആര്‍എസ്എസ് ഉള്‍പ്പെടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിടുന്നവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സര്‍ക്കാരിനേയും ആക്രമിക്കുകയാണെന്നും ഈ പണമൊക്കെ സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ സ്വർണം കടത്തി ആർക്കാണ് കൊടുത്തത് എന്ന് പോലീസ് അന്വേഷിച്ചോ എന്നാണ് പിവി അൻവർ ചോദിക്കുന്നത്. മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലെയെന്നാണ് എന്നുമാണ് അൻവർ ചോദിക്കുന്നത്.
