വാഴയൂര്‍: സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ നടന്ന സംസ്ഥാനതല എന്‍എസ്എസ് പ്രീആര്ഡി പരേഡ് സെലക്ഷന് ക്യാമ്പ് സമാപിച്ചു. എന്‍എസ്എസ് റീജിയണല്‍ ഡയറക്ടറേറ്റ് കേരളലക്ഷദ്വീപിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും വിവിധ സ്ഥാപനങ്ങളില്‍ നിന്നുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തു.
കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. സെബാസ്റ്റ്യന്‍ സി.ഡി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈ.എം. ഉപ്പിന് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എന്‍എസ്എസ് ഹെഡ് ഡോ. മനു വി. മുഖ്യാതിഥിയായി. റീജിയണല്‍ ഡയറക്ടറേറ്റ്, തിരുവനന്തപുരം യൂത്ത് ഓഫീസര്‍ പിയൂഷ് മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സര്‍വകലാശാല എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ ഡോ. റീഷ കരളി, കോഴിക്കോട് ജില്ലാ എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, സാഫി പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജംഷീല്‍ അബൂബക്കര്‍ സ്വാഗതവും വോളന്റിയര്‍ സെക്രട്ടറി നിരഞ്ജന് നന്ദിയും പറഞ്ഞു.
ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, സാംസ്കാരിക പരിപാടികള്‍ എന്നിവയായിരുന്നു ക്യാമ്പിലെ പ്രധാന തിരഞ്ഞെടുപ്പ് നടപടികള്‍. സെപ്റ്റംബര്‍ 26, 27 തീയതികളില്‍ വനിതാ വളണ്ടിയര്‍മാര്‍ക്കും 28, 29 തീയതികളില്‍ പുരുഷ വളണ്ടിയര്മാര്ക്കുമായിരുന്നു നടപടികള്‍. നാലുദിവസത്തെ ക്യാമ്പിന്റെ സമാപനച്ചടങ്ങില്‍ വൈ.എം. ഉപ്പിന്, ഡോ. റീഷ കരാളി, പിയൂഷ്, പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, കേണല്‍ നിസാര്‍ അഹമ്മദ് സീതി എന്നിവര്‍ പങ്കെടുത്തു. വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതോടെ ക്യാമ്പ് സമാപിച്ചു.
