തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകര്‍ന്ന് ഇടുക്കിയില്‍ നിന്ന് അഞ്ച് താരങ്ങളാണ് ഇത്തവണ കെ.സി.എല്ലില്‍ ഉള്ളത്. അനുഭവസമ്പത്തിന്റെ കരുത്തുമായിറങ്ങുന്ന സച്ചിന് ബേബിയും അഖില്‍ സ്കറിയയും അടക്കമുള്ള താരങ്ങള്‍ക്കൊപ്പം, അതിരുകളില്ലാത്ത ആത്മവിശ്വാസവുമായി അനീഷ് രാജന് എന്ന പോരാളിയും ഇത്തവണ ലീഗിന്റെ പ്രധാന ആകര്‍ഷണമാകും. ജോബിന് ജോബിയും ആനന്ദ് ജോസഫുമാണ് ജില്ലയില്‍ നിന്നുള്ള മറ്റ് താരങ്ങള്‍.
കന്നി സീസണില്‍ ഏരീസ് കൊല്ലം സെയിലേഴ്സിനെ കിരീടത്തിലേക്ക് നയിച്ച സച്ചിന് ബേബിയും, കഴിഞ്ഞ സീസണിലെ ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ’ അഖില്‍ സക്കറിയയും കെസിഎല്ലില്‍ ഇടുക്കിയുടെ പെരുമ ഉയര്‍ത്തിയ അഭിമാന താരങ്ങളാണ്. ഇത്തവണ ഇവര്‍ക്കൊപ്പം തന്നെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ കവരുകയാണ് ജില്ലയില്‍ നിന്നുള്ള മറ്റൊരുതാരം. ശാരീരിക പരിമിതികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന് ക്രിക്കറ്റ് ലോകത്ത് വിസ്മയമാകുന്ന യുവതാരം അനീഷ് രാജന്. 75,000 രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് അനീഷിനെ ലേലത്തില്‍ സ്വന്തമാക്കിയത്. മാനേജ്മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസത്തിനൊത്തുയര്‍ന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തീവ്ര പരിശീലനത്തിലാണ് അനീഷ്.

ഇംഗ്ലണ്ടില്‍ നടന്ന ഭിന്നശേഷിക്കാരുടെ പ്രഥമ ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള് ടൂര്‍ണമെന്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ഇടുക്കിക്കാരനായിരുന്നു. ജന്മനാ വലതുകൈപ്പത്തിക്ക് വൈകല്യമുള്ള അനീഷ് 11 വിക്കറ്റുകളായിരുന്നു ടൂര്‍ണമെന്റില്‍ നേടിയത്. അടുത്തിടെ നടന്ന എന്‍.എസ്.കെ ട്രോഫിയിലും മികവ് തെളിയിച്ചതോടെയാണ് അനീഷിന് കെ.സി.എല്ലിലേക്ക് വഴിതുറന്നത്.
കഴിഞ്ഞ രണ്ട് സീസണിലും ഏരീസ് കൊല്ലം സെയിലേഴ്സിനെ നയിച്ച സച്ചിന് ബേബി ഇത്തവണ ആലപ്പി റിപ്പിള്‍സിന് വേണ്ടിയാണ് പാഡ് കെട്ടുക. പത്ത് ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ച സച്ചിന് തന്നെയാണ് ഈ സീസണിലെ ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാള്‍. ആദ്യ സീസണില്‍ 528 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തായിരുന്ന സച്ചിന് ഫൈനലിലടക്കം രണ്ട് തകര്‍പ്പന്‍ സെഞ്ചുറികളും നേടിയിരുന്നു. കഴിഞ്ഞ സീസണിലും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സ്ഥാനം നിലനിര്‍ത്തിയ സച്ചിന്റെ സാന്നിധ്യം, പുതിയൊരു തിരിച്ചുവരവിന് ശ്രമിക്കുന്ന ആലപ്പി റിപ്പിള്‍സിന് വലിയ കരുത്താകും.
മറുവശത്ത് കഴിഞ്ഞ സീസണിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാണ് അഖില്‍ സ്കറിയ. 25 വിക്കറ്റുകളോടെ ബൗളിങ് പട്ടികയില്‍ ഒന്നാമതെത്തിയ അഖില്‍, 314 റണ്‍സോടെ ബാറ്റിങ്ങിലും ആദ്യ പത്തില്‍ ഇടംപിടിച്ചിരുന്നു. ആദ്യ സീസണിലും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരം അഖിലായിരുന്നു. 3.75 ലക്ഷം രൂപയ്ക്കാണ് ഗ്ലോബ്സ്റ്റാര്‍സ് അഖിലിനെ ടീമില്‍ നിലനിര്‍ത്തിയത്. ആദ്യ സീസണില്‍ ഫൈനലിലും രണ്ടാം സീസണില്‍ സെമിഫൈനലിലും വീണുപോയ ഗ്ലോബ് സ്റ്റാര്‍സ്, ഇക്കുറി കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത് അഖിലിന്റെ ഓള്‍റൗണ്ട് മികവിലാണ്.
കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളിലൊരാളായ ജോബിന് ജോബി ഇത്തവണയും കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം തന്നെ തുടരും. ആദ്യ സീസണില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായ ജോബിന്, രണ്ടാം സീസണില്‍ ബൗളിങ്ങിലും തിളങ്ങി മികച്ചൊരു ഓള്‍റൗണ്ടറെന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. 19 വയസ്സിന് താഴെയുള്ളവരുടെ കുച്ച് ബെഹാര്‍ ട്രോഫിയില്‍ സെഞ്ചുറിയടക്കം നേടിയ പരിചയസമ്പത്തുമായാണ് ജോബിന് മൂന്നാം സീസണിലേക്ക് എത്തുന്നത്. ഓള്‍റൗണ്ടര്‍ ആനന്ദ് ജോസഫാണ് ജില്ലയില്‍ നിന്നുള്ള മറ്റൊരു താരം. 1.05 ലക്ഷത്തിന് തൃശൂര്‍ ടൈറ്റന്‍സായിരുന്നു ലേലത്തില്‍ ആനന്ദിനെ സ്വന്തമാക്കിയത്.
