തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു : ഉദയനിധി സ്റ്റാലിൻ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കൂട്ടരോടും സഹതാപം മാത്രമാണുള്ളതെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ . സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റായി വളച്ചൊടിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പതു വര്‍ഷമായി മോദി രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. നോട്ട് നിരോധിക്കുകയും കുടിലുകള്‍ മറയ്ക്കാന്‍ മതില് കെട്ടുകയും പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുകയും അവിടെ ചെങ്കോല് സ്ഥാപിക്കുകയും രാജ്യത്തിന്റെ പേര് മാറ്റുകയുമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ കേസുകളും നിയമപരമായി നേരിടുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

അതെ സമയം ഉദയനിധിയുടെ സനാതനധര്‍മ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.സനാതന ധര്‍മം വിവിധ വിഭാഗങ്ങള്‍ക്കുനേരെ ഉയര്‍ത്തുന്ന വിവേചനത്തെക്കുറിച്ചാണ് ഉദയനിധി വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ വരവ് മോദിയെ പരിഭ്രാന്തിയിലാക്കി. ഈ ഭയത്താലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മുന്നോട്ട് വയ്ക്കുന്നത്. ഉദയനിധി ‘വംശഹത്യ’ എന്ന പദം ഉപയോഗിച്ചിട്ടില്ല. ഉദയനിധിക്കെതിരായ നുണകള്‍ അറിയാതെയാണോ അതോ അറിഞ്ഞുകൊണ്ടാണോ നരേന്ദ്ര മോദി പ്രതികരിക്കുന്നതെന്നും സ്റ്റാലിന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *