കൊല്ലംകെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നുനടിക്കുന്ന മാനേജ്‌മെന്റിനുംമന്ത്രിക്കും പരസ്യവിമര്‍ശനവുമായി എം.മുകേഷ് എം.എല്‍.എ. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് പങ്കുവെച്ചത്.
ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യം നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറായില്ലെങ്കില്‍ വലിയ വിലനല്‍കേണ്ടിവരുമെന്നും കൂപ്പുകൈയുടെ ഇമോജിക്കൊപ്പം പോസ്റ്റില്‍ എം.എല്‍.എ പറയുന്നു.
മേല്‍ക്കൂരയില്‍ കമ്പികള്‍ തെളിഞ്ഞുകാണാവുന്ന സ്ഥിതിയാണ്. പഴയ കെട്ടിടത്തില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും പരിമിതമാണ്. എം.എല്‍.എ എന്ന നിലയില്‍ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടലുകള്‍ നടത്തിയെന്ന് കുറിപ്പില്‍ പറയുന്നു. ആദ്യം എം.എല്‍.എ. ഫണ്ടില്‍നിന്നു ഒരുകോടിയും പിന്നീട്ആറുകോടിയും നല്‍കാമെന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നല്‍കി. ഒട്ടേറെത്തവണ നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും വിഷയങ്ങള്‍ അവതരിപ്പിച്ച് ഗൗരവംബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട് ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ടുകണ്ടും വിഷയം ബോധ്യപ്പെടുത്തി. ഡിപ്പോയ്ക്ക് അടിയന്തരാവശ്യം വാണിജ്യസൗധമല്ലെന്നും ഭയരഹിതമായും കയറിനില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യമാണെന്നും എം.എല്‍.എ പറയുന്നു. ഇത് നല്‍കാന്‍ മാനേജ്‌മെന്റും
വകുപ്പും തയ്യാറാകുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ടാണ് എം.എല്‍.എ. കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇതോടൊപ്പം മുന്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും നിലവിലെ മന്ത്രി ആന്റണി രാജുവിനും കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിനും കെട്ടിടത്തിന്റെ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടി അയച്ച കത്തുകളും നിയമസഭാ ചോദ്യോത്തരവേളയില്‍ വിഷയം ഉന്നയിച്ചതിന്റെ വിവരങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. ജീവനക്കാര്‍ പേടിച്ചാണ് കെട്ടിടത്തില്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. ഒട്ടേറെപ്പേരാണ് എം.എല്‍.എ.യുടെ വിമര്‍ശനം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
