സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും : മന്ത്രി കെ.മുരളീധരന്‍

ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം : പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. അതേസമയം ചെറിയ ചികിത്സാ പിഴവുപോലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഡോക്ടര്‍മാര്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ മേഖലയിലെ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളെ ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലാണ് സംഘടനാ പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ച നടത്തിയത്. ഡോക്ടര്‍മാരുടെ ട്രെയിനിംഗ് കലണ്ടര്‍ മുന്‍കൂട്ടി തയ്യാറാക്കി കാര്യക്ഷമമായി നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

തയ്യാറെടുപ്പില്ലാതെ ട്രെയിനിംഗ് പെട്ടന്ന് നിശ്ചയിക്കുന്നതും വിവിധ ജില്ലകളിലെ ഡോക്ടര്‍മാര്‍ പുറപ്പെട്ട ശേഷം അത് റദ്ദാക്കുന്നതും കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംഘടനാ പ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിച്ചത്.

ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലെ ചികിത്സകള്‍ക്ക് ഏകീകൃത സ്വഭാവമുണ്ടാകണമെന്നും ഇതിനായി ആശുപത്രികളെ സ്റ്റാന്റഡൈസ് ചെയ്യണമെന്ന് കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തിരക്കുള്ള ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ രണ്ട് മെഡിക്കല്‍ ഓഫീസറര്‍മാരെ നിയോഗിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ സൈക്യാട്രിസ്റ്റുകളെയും ഫോറന്‍സിക് സര്‍ജന്‍മാരെയും താഴേതട്ടില്‍ നിയമിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.
ആശുപത്രികളിലെ മുതിര്‍ന്ന സ്!പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സൂപ്രണ്ടുമാരാക്കണമെന്നും സ്!പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കായി ഡയറക്ടര്‍ തസ്തിക വേണമെന്നും കേരള ഗവ.സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എസ്.ഡി.എ) പ്രതിനിധികള്‍ ഉന്നയിച്ചു.

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇനിയും ലഭിക്കാനുള്ള ശമ്പള കുടിശികയ്ക്ക് വേണ്ടി നടത്തിയ സമരങ്ങളെ കുറിച്ചും കേരള ഗവ.മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) പ്രതിനിധികള്‍ വിശദീകരിച്ചു.

മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരുടെ നിയമനം വേഗത്തിലാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്ന ആവശ്യം പരിശോധിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

വയനാട്, ഇടുക്കി,കാസര്‍കോട് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രി സംഘടനാ പ്രതിനിധികളോട് തേടി. ജീവനക്കാരുടെ വിന്യാസത്തിന് ഉള്‍പ്പെടെ ന്യായമായ എല്ലാ തീരുമാനങ്ങള്‍ക്കും സംഘടന ഒപ്പമുണ്ടാകുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. ആയുര്‍വേദ മേഖലയുടെ ഉന്നമനത്തിനായി 2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയുഷ് ഹെല്‍ത്ത് പോളിസി നടപ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് ഗവ.ആയൂര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആയുര്‍വേദ രംഗത്ത് ഗവേഷണങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി കെ.മുരളീധരന്‍ നിര്‍ദ്ദേശിച്ചു.

ഹോമിയോപതി നഴ്‌സിംഗ് കോഴ്‌സ് വേണമെന്ന കേരള ഗവ.ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എച്ച്.എം.ഒ.എ) ഭാരവാഹികളുടെ ആവശ്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളിലെ ചികിത്സയ്ക്ക് കാരുണ്യ ഉള്‍പ്പെടെയുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഖിലകേരള ആയുര്‍വേദ കോളേജ് അദ്ധ്യാപക സംഘടന, കേരള സ്‌റ്റേറ്റ് ഗവ.ആയുര്‍വേദ സ്!പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, നഴ്‌സുമാരെ പ്രതിനിധീകരിച്ച് കേരള ഗവ.നഴ്‌സസ് യൂണിയന്‍ ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *