തറിയില്‍ നൂല്‍ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്‌സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും പ്രാദേശിക കരകൗശല വൈദഗ്ധ്യത്തെയും ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് (KACV) ഒരുക്കുന്ന ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ (Gift a Tradition) പദ്ധതിക്ക് തുടക്കം.

കൈത്തറി വസ്ത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത പ്രത്യേക ഗിഫ്റ്റ് ബോക്‌സിന്റെ അനാച്ഛാദനവും പദ്ധതിയുടെ ഉദ്ഘാടനവും ടൂറിസംസാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് കോവളത്തുള്ള ക്രാഫ്റ്റ്‌സ് വില്ലേജില്‍ വെച്ച് നിര്‍വഹിച്ചു.

ഉദ്ഘാടന പ്രഭാഷണത്തിന് മുന്നോടിയായി വേദിയില്‍ പ്രത്യേകമായി സജ്ജീകരിച്ചിരുന്ന തനത് രാട്ടില്‍ കൈത്തറി നൂല്‍ നൂറ്റുകൊണ്ട് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത് പരമ്പരാഗത കൈത്തറി സംസ്‌കാരത്തിനുള്ള ആദരവായി മാറി. കൈത്താറിയുടെ പരമ്പരാഗത സാംസ്‌കാരിക തനിമയെ ടൂറിസം സാധ്യതകള്‍ക്ക് അനുയോജ്യമായ ഒരു ഉല്‍പ്പന്നം ആക്കി മാറ്റുക എന്ന ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്യമത്തെ മന്ത്രി അഭിനന്ദിച്ചു.

ക്രാഫ്റ്റ്‌സ് വില്ലേജ് രൂപകല്‍പ്പന ചെയ്ത പദ്ധതി കൈത്തറി മേഖലയ്ക്ക് കൂടുതല്‍ വിപണി സാധ്യതകള്‍ തുറന്നുനല്‍കുകയും, അതോടൊപ്പം കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങളെ ഔദ്യോഗിക വിശേഷ സമ്മാന സംസ്‌കാരത്തിന്റെ (Gifting Culture) ഭാഗമാക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സ്വാഗതമാശംസിച്ച യു.എല്‍.സി.സി.എസ് (ULCCS) മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയുമായ ഷാജു എസ്. വ്യക്തമാക്കുകയുണ്ടായി.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരകൗശല പാരമ്പര്യത്തെയും ഒരുപോലെ പ്രതിനിധീകരിക്കുന്ന ശ്രദ്ധേയമായ ടൂറിസം ഉല്‍പ്പന്നമാണ് ക്രാഫ്റ്റ് വില്ലേജ് ഒരുക്കുന്ന ‘ഗിഫ്റ്റ് എ ട്രഡീഷന്‍’ സമ്മാനപ്പെട്ടി.
ചടങ്ങില്‍ ഗിഫ്റ്റ് ബോക്‌സിന്റെ ഔദ്യോഗികമായ ആദ്യ സ്വീകരണവും അധ്യക്ഷതയും കോവളം എം.എല്‍.എ. എം. വിന്‍സെന്റ് നി!ര്‍വഹിച്ചു.

തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തംഗം ആഗ്‌നസ് റാണി, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി ബിന്‍സി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.എ.സി.വി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (COO) ശ്രീ ടി.യു. ശ്രീപ്രസാദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *