കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളില്‍ ഫോക്കസ് പോയിന്റ് സംഘടിപ്പിച്ചു

എസ്എസ്എല്‍സി പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനത്തോടൊപ്പം അഭിരുചിക്ക് അനുയോജ്യമായ ഒരു തൊഴില്‍ മേഖലയായ വി എച്ച് എസ് ഇ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന്യം മനസിലാക്കി കൊടുക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റെയും നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും നേതൃത്വത്തില്‍ ‘ഫോക്കസ് പോയിന്റ് ‘ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലറും പി റ്റി എ പ്രസിഡന്റുമായ എന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരിയര്‍ മാസ്റ്റര്‍ പി സമീര്‍ സിദ്ദീഖി ‘പത്താം ക്ലാസിന് ശേഷം എന്ത് ‘ എന്ന വിഷയത്തില്‍ കോഴ്‌സുകളെ കുറിച്ചും ഉപരി പഠന സാധ്യതകളെക്കുറിച്ചും ക്ലാസ് നടത്തുകയും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, സിന്ധു പി രാമന്‍, എ വി മണി, സി സംഗീത, കെ വി ശാരദ, വിദ്യാര്‍ത്ഥികളായ പി സി അഭിഷേക്, അഷയ് കെ എന്നിവര്‍ സംസാരിച്ചു.

പഠനത്തോടൊപ്പം പരിശീലനം നേടുന്നതിനും സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനും ഹയര്‍ സെക്കന്‍ഡറി ‘വൊക്കേഷണല്‍ കോഴ്‌സുകള്‍’ അവസരം ഒരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക പഠനത്തില്‍ നിന്നും സാങ്കേതിക പഠനത്തിലേക്കും തിരിച്ചും ഉപരിപഠന സാധ്യതകള്‍ ഉറപ്പാക്കുന്നുണ്ട്.

കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ നൈപുണി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എന്‍ എസ് ക്യു എഫ് കോഴ്‌സുകളാണ് പഠിപ്പിക്കുന്നത്. ഇവ വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ അംഗീകാരം ഉള്ള എന്‍ എസ് ക്യു എഫ് സര്‍ട്ടിഫിക്കറ്റ്ലഭിക്കുന്നതാണ്.

സയന്‍സ് സ്ട്രീമില്‍ മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്മാള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്ന കോഴ്‌സും പാരാ മെഡിക്കല്‍ വിഭാഗത്തിലെ ലാബ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട എല്‍ റ്റി പി എം എന്ന കോഴ്‌സുമാണ് കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉള്ളത്.

മികച്ച ഉപരിപഠന സാധ്യതകളും തൊഴിലവസരങ്ങളും ഉറപ്പുവരുത്തുന്ന കോഴ്‌സുകളാണ് ഇവ. കൂടാതെ പി എസ് സി നടത്തുന്ന പ്ലസ് ടു ലെവല്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ജോലികള്‍ക്കും അപേക്ഷിക്കാന്‍ ഈ യോഗ്യതകള്‍ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *