പ്രവർത്തക സമിതി : ചെന്നിത്തലയെ തഴഞ്ഞതിൽ പ്രതിഷേധം

ഐസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ആസ്വാരസ്യങ്ങളും അതൃപ്തിയും പുകഞ്ഞു തുടങ്ങി .പ്രവര്‍ത്തസമിതിയില്‍ രമേശ് ചെന്നിത്തലയെ ക്ഷണിതാവ് മാത്രമാക്കിയത് ശ്രദ്ധേയമാണ്. ഈ സ്ഥാനം 19 വര്‍ഷം മുന്‍പ് ചെന്നിത്തല വഹിച്ചിരുന്നതാണ്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എകെആന്റണിയെ പ്രവര്‍ത്തകസമിതയില്‍ നിലനിര്‍ത്തിയിട്ട് ചെന്നിത്തലയെ അവഗണിക്കുകയായിരുന്നു.പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമാക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല.ചെന്നിത്തലക്കൊപ്പമോ അദ്ദേഹത്തിനു കീഴിലോ പ്രവര്‍ത്തിച്ചിരുന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗങ്ങള്‍ ആയപ്പോഴാണ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയത്. അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്ന വികാരമാണ് ചെന്നിത്തലക്ക് ഒപ്പമുള്ളവര്‍ക്ക്.

രണ്ട് വര്‍ഷമായി പദവികളില്ലെന്നും ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നുമുള്ള പരാതിയും ചെന്നിത്തലക്കുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. തന്റെ വികാരം പാര്‍ട്ടിയെ അറിയിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം.
കേരളത്തില്‍ നിന്ന് കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവര്‍ത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായിയാണ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പപ്പെടുത്തിയിരിക്കുന്നത്. ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് എന്ന വികാരം നേതൃത്വത്തില്‍ ശക്തമായതാണ് രമേശ് ചെന്നിത്തലക്ക് വിനയായത്. കെസി വേണുഗോപാലും ശശി തരൂരും രമേശ് ചെന്നിത്തലയും ഒരുമിച്ച് പ്രവര്‍ത്തകസമിതിയിലേക്ക് എത്തിയാല്‍
ഒരേ സമുദായത്തില്‍ നിന്നും മൂന്ന് പേര്‍ പ്രവര്‍ത്തകസമിതിയിലേക്ക് എത്തുമെന്നുള്ളതുകൊണ്ടാണ് രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതവായി മാത്രം പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് വിവരം.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെയും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ ഇത്തരമൊരു കല്ലുകടി നേതൃത്വം എങ്ങനെ പരിഹരിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇടം നേടിയതോടെ കേരളത്തിലെ പാര്‍ട്ടിയില്‍ പ്രധാന അധികാര കേന്ദ്രങ്ങളിലൊരാളായി മാറുകയാണ് ഡോ.ശശി തരൂര്‍.
എഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മല്ലികാര്‍ജുന ഖാര്‍ഗെയ്‌ക്കെതിരെ മല്‍സരിച്ച് ഹൈക്കമാന്റിനെപ്പോലും ഞെട്ടിച്ച് ആയിരത്തിലേറെ വോട്ട് നേടിയപ്പോള്‍ത്തന്നെ ശശി തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. മാത്രമല്ല, ദേശിയ രാഷ്ട്രീയത്തിലെ പ്രതിപക്ഷ ഐക്യമുന്നണിയായ ‘ഇന്ത്യ’ സഖ്യം അധികാരത്തില്‍ വരുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക പദവികളില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള നേതാവുകൂടിയാണ് ശശി തരൂര്‍.

സംസ്ഥാന രാഷ്ട്രീയത്തിലും തരൂരിന് മോശമല്ലാത്ത മോഹങ്ങളുള്ള ആളാണ്. അടുത്തകാലത്ത് പാര്‍ട്ടി സംസ്ഥാന ഘടകത്തെ വെല്ലുവിളിച്ചാണെങ്കിലും അദ്ദേഹം നടത്തിയ കേരള പര്യടനത്തിന് പാര്‍ട്ടിയ്ക്കകത്തും പുറത്തുനിന്നും വലിയ സ്വീകാര്യത കിട്ടിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഒഴിവിലേക്കാണ് ശശി തരൂര്‍ നിയമിക്കപ്പെട്ടത്. ‘എ’ ഗ്രൂപ്പില്‍ ഒരു വിഭാഗവും തരൂരിനൊപ്പമാണ്.

Leave a Reply

Your email address will not be published. Required fields are marked *