വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്.
വയനാട് ദുരന്തത്തിൽ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോടെ പ്രധാനമന്ത്രി പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എഡിജിപി അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ലെന്നും വേണ്ട സമയത്ത് അതുണ്ടാകുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെ വേട്ടയാടാൻ തുടങ്ങിയിട്ട് കാല് നൂറ്റാണ്ടായി. മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും മന്ത്രി റിയാസ് ആറന്മുളയിൽ പറഞ്ഞു. പത്താള് വളഞ്ഞിട്ട് അടിച്ചാൽ വീഴുന്ന പാർട്ടിയല്ല സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ സഹായം കേരളം പ്രതീക്ഷിക്കുന്നുണ്ട് കാരണം അത് കേരളത്തിന് കിട്ടേണ്ട ഔദാര്യമല്ല അവകാശമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തി.
ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
