ഗ്യാൻവാപി പള്ളിയിൽ നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി

ഗ്യാൻവാപ്പി പൂജ കേസിൽ പള്ളിക്കമ്മറ്റി സുപ്രിം കോടതിയിൽ സമര്‍പ്പിച്ച അപ്പീൽ ഹര്‍ജിയിൽ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്തിനു പിന്നാലെയാണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. നിലവറയിലെ പൂജയ്ക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. ജൂലായിൽ കേസിൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ പള്ളിക്ക് അകത്ത് പൂജ തുടരും.

ഗ്യാൻവാപിയിലെ തെക്കൻ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്ക്കാലം രണ്ടും തുടരട്ടെ എന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിൻറേതാണ് നിർദ്ദേശം.

ഗ്യാൻവാപി പള്ളിയിലെ തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണ്. ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ആം ആനുച്ഛേദത്തിൻറെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *