യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിന് ആദ്യമായി കേരള ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് വരുന്നു. ഇതിനായി ഒ എൻ ഡി സി യും ഗതാഗത വകുപ്പും ധാരണപത്രം ഒപ്പിട്ടു. യാത്രക്കാരെയും ടാക്സി ഔട്ടോ ഡ്രൈവർമാരെയും ചൂഷണം ചെയ്യാത്ത ഓപ്പൺ മൊബിലിറ്റി പ്ലാറ്റ്ഫോമാണ് ഒ എൻ ഡി സിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം കൊച്ചിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോ ഉൾപ്പെടെ എല്ലാ പൊതു ഗതാഗത മാർഗങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് രണ്ട് വർഷം മുൻപ് കൊച്ചിയിൽ ആരംഭിച്ച ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് കേരളം മുഴുവൻ വ്യാപിപ്പിക്കും. ഇതിലൂടെ താങ്ങാവുന്ന ചിലവിൽ സൗകര്യമായി യാത്രചെയ്യാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള ഓപ്പൺ ഫ്ലാറ്റ്ഫോമായ ഒ എൻ ഡി സിയിൽ ഇ കോമേഴ്സും ഗതാഗത സേവനങ്ങളും ഉൾപ്പെടെ എല്ലാവിധ വാണിജ്യ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്രി പി രാജീവ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ഇടനിലക്കാരെ ഒഴിവാക്കി യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന യാത്രി കാമ്പ്, ഔട്ടോ ബുക്കിങ് ആപ്പ് ഒ എൻ ഡി സി യുടെ മേൽനോട്ടത്തിൽ മുൻപ് കൊച്ചിയിൽ ആരംഭിച്ചിട്ടുള്ളത്. കേരള ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്കിന്റെ ധാരണ പത്രം ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത്, ഒ എൻ ഡി സി സി ഇ ഒ ഷിറീഷ് ജോഷി എന്നിവർ ഒപ്പുവെച്ചു. കൊച്ചി മെട്രോ എം ഡി ലോകനാഥ് ബെഹ്റ, കെ ബാബു എം എൽ എ, തൊഴിലാളി യൂണിയൻ പ്രതിനിധി അഡ്വ എസ് മധുസൂദനൻ, സുജിത് നായർ, എം എസ് ഷാൻ തുടങ്ങിയവർ പങ്കെടുത്തു.
