വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ രംഗത്തെതി. ‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല.
വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. സിപിഐഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി തനിക്ക് തോന്നുന്നില്ല. പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നു’, എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
സ്ക്രീൻഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരക്കാർക്ക് നന്ദി പറയുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി , അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ് ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോർട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു. ഇതിനെതിരെ ഖാസിം നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയിൽ പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ് അപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ് ബുക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോർട്ട് എത്തിയത് എന്നാണ് കണ്ടെത്തൽ.
അതേസമയം ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 20 വീടുകള്‍ വെച്ചുനല്‍കുമെന്ന് വടകര എംപി ഷാഫി പറമ്പില്‍. പൂര്‍ണ്ണമായും വാസയോഗ്യമല്ലാതെ വീടും പുരയിടവും കൃഷിയിടവും അടക്കം നഷ്ടപ്പെട്ട 20 പേര്‍ക്ക് വീടുവെച്ചു നല്‍കുമെന്നാണ് ഷാഫി പറമ്പില്‍ അറിയിച്ചു. രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ മുഴുവൻ എംപിമാരും വയനാട് ദുരന്തത്തിൽ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് പാർലമെന്റിൽ സംസാരിച്ചിരുന്നുവെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.
കേന്ദ്രസഹായത്തിൽ ഉടനൊരു തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാഫി പറമ്പിൽ എം പി വ്യക്തമാക്കി. പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് ആവശ്യപ്പെട്ടത്, ദുരന്ത സമയത്ത് കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇക്കഴിഞ്ഞ ബജറ്റിൽ വരെ പ്രകൃതി ദുരന്തത്തിന് പല സംസ്ഥാനങ്ങൾക്കും വലിയ തുക നീക്കി വെച്ചിരുന്നു.
കേരളത്തിന് അത്ര പരിഗണന ബജറ്റിൽ ലഭിച്ചില്ലെങ്കിൽ പോലും ഇപ്പോൾ അത് ചർച്ച ചെയ്യാനുള്ള സമയമല്ല. എല്ലാ രീതിയിലും എല്ലാ സംവിധാനങ്ങളെയും ഒരുമിപ്പിച്ച് വയനാടിനെ വീണ്ടെടുക്കുക എന്നത് മാത്രമാണ് ഇപ്പോൾ നമ്മുടെ പരിഗണന’ഷാഫി പറമ്പിൽ പറഞ്ഞു.
