സിനിമയില്‍ നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെർമിയ. ത്വക്കിനെ ബാധിക്കുന്ന അപൂർവരോഗത്തെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനാണ് പിടിപെട്ടത്. ഇതേ തുടര്‍ന്ന് പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ പല പാടുകളും ശരീരത്തിൽ കാണപ്പെടാന്‍ തുടങ്ങിയെന്നും ആൻഡ്രിയ പറയുന്നു. രക്തപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്ലാം നോര്‍മലായിരുന്നു.
മാനസിക സമ്മര്‍ദ്ദം മൂലമാകുമെന്നാണ് ആദ്യം കരുതിയത്. രോഗം കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് സിനിമയില്‍നിന്ന് ഇടവേള എടുത്തത് എന്നും താരം കൂട്ടിച്ചേര്‍ത്തു. ‘വട ചെന്നൈ’ എന്ന ചിത്രത്തിന് തൊട്ടുപിന്നാലെയാണ് രോഗം തിരിച്ചറിയുന്നത്. ഇപ്പോഴും രോഗത്തിന്റെ ഭാഗമായ പാടുകള്‍ ശരീരത്തിലുണ്ട്. കണ്‍പീലികള്‍ക്ക് വെള്ള നിറമുണ്ട്. അക്യൂപങ്ചര്‍ എന്ന ചികിത്സാരീതി തനിക്ക് വളരെയേറെ ഗുണംചെയ്‌തെന്നെന്നും രണ്ട് വര്‍ഷത്തോളം അത് തുടര്‍ന്നുവെന്നും താരം കൂട്ടിച്ചേർത്തു. രോഗത്തെ വലിയൊരളവില്‍ മറികടന്നു.
കണ്‍പീലികളിലെ നരയെ മേക്കപ്പ് കൊണ്ട് മറയ്ക്കാനാവും. അതേടൊപ്പം ജീവിതശൈലിയിലും മാറ്റംവരുത്താൻ തുടങ്ങി. തുടര്‍ച്ചയായി ജോലി ചെയ്യാനാകില്ല. ചെയ്താൽ അത് ത്വക്കിലും മുഖത്തും വളരെപ്പെട്ടന്ന് തന്നെ പ്രകടമാകുമെന്നും ആൻഡ്രിയ കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു ഇൻഡസ്ട്രിയിൽ നിൽക്കുന്ന ആളെന്ന നിലയിൽ സമ്മർദമില്ലാതെ ഈ അവസ്ഥയിലൂടെ കടന്നുപോകാനാകില്ല. ഒരു കഥാപാത്രം ചെയ്യുമ്പോഴെല്ലാം ആ സമ്മർദം നമുക്കുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ പിന്മാറുക എന്നതു മാത്രമായിരുന്നു ഏക പോംവഴി. എന്നാല്‍, അതേക്കുറിച്ച് പല തരത്തിലുളള കഥകളാണ് ഇന്‍ഡസ്ട്രിയിലും മാധ്യമങ്ങളിലും പ്രചരിച്ചത്. പ്രണയം തകര്‍ന്നത് കാരണം ഞാന്‍ ഡിപ്രഷനിലായി എന്നാണ് പ്രചരിക്കപ്പെട്ടതെന്നും നടി പറഞ്ഞു.
