ശക്തമായ മൺസൂൺ ആരംഭിച്ചതിനു ദേശിയ പാതയിൽ അപകടങ്ങൾ പെരുകുന്നു. ആറുവരിയായി വികസിപ്പിച്ച ദേശീയപാത 66ല്‍ പലയിടങ്ങളിലും മഴയ്ക്ക് പിന്നാലെ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ട്. വളവും തിരിവുമില്ലാതെ ഏറെദൂരം നീണ്ടുനിവർന്നുനില്ക്കുന്ന ദേശീയപാതയിൽ അമിത വേഗതയിൽ വണ്ടി ഓടിക്കുന്നത് മൂലം നിരവധി അപകടങ്ങളാണ് ദിവസേന സംഭവിക്കുന്നത്. മഴസമയത്തെ വാഹനങ്ങളുടെ അമിത വേഗതയില്‍ റോഡില്‍ രൂപപ്പെടുന്ന അക്വാപ്ലാനിംഗ് പ്രതിഭാസം അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ടെന്നാണ് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിലയിരുത്തല്‍.
മഴക്കാലത്ത് റോഡുകളില്‍ സംഭവിക്കാൻ സാദ്ധ്യതയുള്ള അപകടകരമായ പ്രതിഭാസമാണ് അക്വാപ്ലാനിംഗ്. റോഡിലെ വെള്ളത്തിലകപ്പെട്ട് വാഹനത്തിന്റെ ടയറുകള്‍ക്ക് റോഡുമായുള്ള സമ്പർക്കം പൂർണ്ണമായി നഷ്ടമാവുകയും ടയറുകള്‍ റോഡിന് മുകളിലെ വെള്ളപ്പാളിക്ക് മീതെ നിയന്ത്രണമില്ലാതെ ഒഴുകിനീങ്ങുകയും ചെയ്യുന്ന പ്രതിഭാസമാണ് അക്വാപ്ലാനിംഗ്.
റോഡില്‍ കൂടുതല്‍ വെള്ളമുണ്ടാകുക, വാഹനം അമിവേഗതയിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ടയറുകള്‍ക്ക് റോഡിലെ വെള്ളം മുഴുവനായി മാറ്റി മുന്നോട്ടുപോകാൻ കഴിയാതെ വരുകയും ഇതോടെ ടയറിനും റോഡിനും ഇടയില്‍ വെള്ളത്തിന്റെ പാളി രൂപപ്പെടുകയും വാഹനം റോഡില്‍ തൊടാതെ ഈ വെള്ള പാളിക്ക് മുകളിലൂടെ തെന്നി നീങ്ങുകയും ചെയ്യുന്നു. ഇതിലൂടെ ഡ്രൈവർക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം പൂർണ്ണമായും നഷ്ടമാവുകയും ചെയ്യും.
ടയറുകള്‍ റോഡില്‍ തൊടാതിരിക്കുന്നതിനാൽ തന്നെ സ്റ്റിയറിംഗ് എങ്ങോട്ട് തിരിച്ചാലും വാഹനം ആ ദിശയിലേക്ക് മാറില്ല. വാഹനം അതിന്റെ വേഗതയില്‍ നേരെ വഴുതി നീങ്ങും. അപകടം ഒഴിവാക്കാൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയാലും വണ്ടി നില്‍ക്കില്ല. പകരം ടയറുകള്‍ കറങ്ങുന്നത് നില്‍ക്കുകയും വാഹനം റോഡിലൂടെ വട്ടം കറങ്ങി നിയന്ത്രണം വിട്ട് മറിയുകയോ മറ്റെവിടെയെങ്കിലും പോയി ഇടിക്കുകയോ ചെയ്യും.
ശക്തമായ മഴയുള്ളപ്പോഴും റോഡില്‍ വെള്ളക്കെട്ടുള്ളപ്പോഴും വാഹനത്തിന്റെ വേഗത പരമാവധി കുറച്ചു സഞ്ചരിക്കുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാൻ സാധിക്കും .
