കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്നു എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് ഗായകൻ ജി.വേണുഗോപാൽ രംഗത്തെതി. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ലെന്നും അവിടെ നിശബ്ദതയും കണ്ണീരും മാത്രമേയുള്ളുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. 21 വർഷങ്ങൾക്കു മുൻപ് സമാനമായ സാഹചര്യങ്ങളിലൂടെ താനും കടന്നുപോയിട്ടുണ്ടെന്നും ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിൽ നിന്ന് തനിക്കു ജോലി രാജി വയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും ഗായകൻ തുറന്നുപറഞ്ഞു. പ്രശാന്ത് തന്റെ കുടുംബാഗത്തെപ്പോലെയാണെന്നും ഇതൊരു വിശ്രമസമയം മാത്രമായി കണ്ട് കൂടുതൽ ഊർജസ്വലനായി വൈകാതെ മടങ്ങിവരണമെന്നും വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
പ്രശാന്തിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് 2007ലോ 2008ലോ ആയിരിക്കണം. ആദ്യമായി ഐഎഎസ് ജോലിയിൽ കയറിയ സമയം. പ്രശാന്തിന്റെ സെൻസ് ഓഫ് ഹ്യൂമർ ആണെന്നെ ആദ്യം ആകർഷിച്ചത്. ലക്ഷ്മിയും പ്രശാന്തും താമസിയാതെ എന്റെ കുടുംബ അംഗങ്ങളെ പോലെയായി മാറി. സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചത്. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരിതേക്കാൻ ശ്രമിച്ചു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രശാന്ത് സ്വന്തം കേസ് സ്വന്തമായി വാദിച്ചു. 21 വർഷങ്ങൾക്കു മുൻപ് സമാനമായ സാഹചര്യങ്ങളിൽ ഒരു സെൻട്രൽ ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നപ്പോൾ താനും ഒന്ന് പകച്ചു നിന്നിട്ടുണ്ട് എന്നാണ് ഗായകൻ പങ്കുവെക്കുന്നത്.
