കേവലം 7 ദിവസങ്ങൾ മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ തുരങ്കനിർമ്മാണം പൂർത്തിയാക്കി കെഎസ്ഇബി

കോതമംഗലം : മാങ്കുളം പദ്ധതിയുടെ ആകെ രണ്ടര കിലോമീറ്റർ നീളം വരുന്ന മുഖ്യതുരങ്കമാണ് 7 ദിവസത്തിനുള്ളിൽ കെ എസ് ഇ ബി തുറന്നിരിക്കുന്നത്. പ്ലാൻ ചെയ്തതിനും നാലുമാസം മുമ്പാണ് ഹെഡ്റേസ് ടണലിൻ്റെ നിർമ്മാണം പൂർത്തിയാകുന്നത് എന്നതാണ് വലിയ സവിശേഷത. റ്റാംറോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിൻ്റെ സഹായത്തോടെയാണ് ടണൽ നിർമ്മാണം നിർവ്വഹിച്ചത്.

ദൃഢതയുള്ള പാറയുടെ സാന്നിധ്യവും, കരാറുകാരൻ്റെ അസാധാരണമായ പ്രവർത്തനമികവും, പദ്ധതി കാര്യാലയത്തിലെ മാറിമാറി വന്ന ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും, നാട്ടുകാരുടെ സഹകരണവുമാണ് റെക്കോർഡ് സമയത്തിൽ ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കെ എസ് ഇ ബിക്ക് ഊർജ്ജം പകർന്നത്. പവർ ഹൗസ് റോഡിലെ പെരുമ്പൻകുത്ത് പാലവും, 511 മീറ്റർ നീളമുള്ള പ്രഷർ ഷാഫ്റ്റും, 94 മീറ്റർ നീളത്തിൽ അഡിറ്റ് ടണലും, രണ്ട് കിലോമീറ്റർ നീളത്തിൽ അഡിറ്റിലെക്കുള്ള വനപാതയും, 110 മീറ്റർ നീളമുള്ള ലോ പ്രഷർ ഷാഫ്ടും, 90 മീറ്റർ ആഴമുള്ള സർജും ഇടുക്കി, മാങ്കുളം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

51° ചരിവിലുള്ള തുരങ്കത്തിൻ്റെ 230 മീറ്റർ ഭാഗം കൂടി പൂർത്തിയായാൽ പദ്ധതിയുടെ ജലനിർഗമന സംവിധാനത്തിൻ്റെ ഡ്രൈവിംഗ് പ്രവൃത്തികൾ പൂർണ്ണമാകും. കെ എസ് ഇ ബി ജനറേഷൻ (ഇലക്ട്രിക്കൽ & സിവിൽ ) ഡയറക്ടർ സജീവ് ജി. യും ചീഫ് എഞ്ചിനീയർ (പ്രോജക്റ്റ്സ്) പ്രസാദ് വി എൻ ഉം മാങ്കുളത്തെത്തി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *