മലപ്പുറം : ജീവന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ നിന്നും നാടം വിട്ടുനില്‍ക്കണം. നൂതന കാലത്തെ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കുമ്പോഴും മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാതെ സൂക്ഷിക്കാന്‍ പുതിയ തലമുറ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള താപന വ്യതിയാനവും വന നശീകരണവും പ്രകൃതിയെ നശിപ്പിച്ചുള്ള വികസനവും നമുക്കിടയില്‍ ആപത്ത് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വീടും പരിസരവും നാടും നഗരവും പ്രകൃതിയുടെ മനോഹാരിത വീണ്ടെടുക്കാന്‍ നാം സ്വയം പ്രതിജ്ഞയെടുക്കണം. എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെടാവുന്ന ഭൂമി, വായു, ജലം, പ്രകൃതി എന്നിവ പുതിയ തലമുറക്കായി കാത്ത് സംരക്ഷിക്കേണ്ടതുണ്ട്.
മലപ്പുറം ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതിയും മലപ്പുറം ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഫലവൃക്ഷ ഉദ്യാന നിര്‍മ്മാണവും 150 വര്‍ഷം പഴക്കമുള്ള മുത്തശ്ശി മാവിനെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്ക് ഫലവൃക്ഷതൈകളും വിത്തും കൈമാറി. സ്കൂള്‍ മുറ്റത്ത് ഫലവൃക്ഷത്തൈകള്‍ നട്ട് പിടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനര്‍ സലീം കുരുവമ്പലം നിര്‍വ്വഹിച്ചു.
വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ചടങ്ങില്‍ ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ചെയര്മാന് അഡ്വ. ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ എന്‍ ഷാനവാസ് പദ്ധതി വിശദീകരിച്ചു. ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ കൃഷ്ണദാസ് പി, എന്‍ എസ് എസ് കോ. ഓര്‍ഡിനേറ്റര്‍ വേണുഗോപാലന്‍ നായര്‍, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ഷാനവാസ്, പിടിഎ വൈസ് പ്രസിഡന്റ് പി എം ഫസല്‍, എസ് എം സി ചെയര്മാന് അന്‍വര്‍ കൊന്നോല, സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി കോ. ഓര്‍ഡിനേറ്റര്‍ എ എം അബൂബക്കര്‍, ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികളായ വി എം മജീദ് തെന്നല, പി. കെ. അബ്ദുറഹിമാന് മാസ്റ്റര്‍ കക്കോവ്. സുബൈര്‍ മാസ്റ്റര്‍ പെരിന്തല്‍മണ്ണ, അസീസ് പഞ്ചിലി, കോട്ടക്കല്‍ കൃഷി ഓഫീസര്‍ എം വിവൈശാഖന് എന്നിവര്‍ പ്രസംഗിച്ചു.
