2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് എന്ന ഗ്രാന്‍ഡ് ഫൈനലിലേക്കുള്ള തിടുക്കപ്പെട്ട തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികളുള്ളത്. ഒരിടത്ത് തുടര്‍ഭരണം പിടിക്കാന്‍ ആവനാഴിയിലുള്ള മുഴുവന്‍ തന്ത്രങ്ങളും പയറ്റാന്‍ ഒരുങ്ങുന്ന ബിജെപി. മറ്റൊരിടത്ത് പരസ്പര വിരോധവും തൊഴുത്തില്‍കുത്തും കുശുമ്പും കുന്നായ്മയും തത്കാലത്തേക്കെങ്കിലും മാറ്റിവെച്ച് കൈകോര്‍ത്ത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കിവിടാന്‍ വാരിക്കുഴികള്‍ ഒരുക്കി പ്രതിപക്ഷ മഹാ ഐക്യവും. ഇരുപക്ഷത്തിന്റെയും തയാറെടുപ്പുകളും കൊമ്പുകോര്ക്കളുമെല്ലാം ജനാധിപത്യത്തിന്റെ മഹോത്സാവത്തില്‍ തീപടര്‍ത്തും എന്ന് ഉറപ്പാണ്. എന്നാല്‍ അന്തിമ വിജയത്തിലേക്ക് ഓടിക്കയറാന്‍ ഇരുപക്ഷവും പയറ്റാന്‍ ഒരുക്കുന്ന തന്ത്രങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കാനിരിക്കുന്ന തന്ത്രത്തെക്കുറിച്ച് ബിജെപി ചെറിയ സൂചന നല്കി കഴിഞ്ഞിരിക്കുന്നു. കാലങ്ങളായി പ്രയോഗിച്ചപോരുന്ന മതവും മതവികാരവും അകത്ത് ഒളിപ്പിച്ച് പുറത്ത് ‘ഏകത എന്ന ലേബലില്‍ ഏകീകൃത സിവില്‍ കോഡാണ് ബിജെപിയുടെ ഇത്തവണത്തെ ലോകസഭ സ്പെഷ്യല്‍ പ്രചാരണ തന്ത്രം.
ഉയര്‍ന്ന ഭാരതം, അയോദ്ധ്യായിലെ രാമക്ഷേത്രം തുടങ്ങി മുമ്പ് കളത്തിലിറക്കിയ കര്‍ഡുകള്‍ക്ക് ഇനി ആയുസ്സില്ലെന്ന് ബിജെപിക്ക് നല്ല വ്യക്തതയുണ്ട്. ഇതുകാലം വരെ കൊട്ടിഘോഷിച്ച അയോദ്ധ്യ ക്ഷേത്രം ഏതാണ്ട് സാധ്യമായതോടെ ഇനി അത് വിശ്വാസികള്‍ക്കിടയില്‍ വിലപ്പോവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സാധ്യമായ ഈ ക്ഷേത്രത്തെ ഉയര്‍ത്തിക്കാണിച്ചാല്‍ തന്നെ മുമ്പ് ലഭിച്ചിരുന്ന നേട്ടങ്ങള്‍ക്കൊപ്പം പിടിക്കാന്‍ ആവില്ലെന്നും നിലവിലെ ഭരണപക്ഷത്തിനു ബോധ്യമുണ്ട്. ഇതോടെയാണ് അടുത്ത തുറുപ്പുചീട്ടായി ഏകീകൃത സിവില്‍ കോഡ് ഇറങ്ങുന്നത്.
ഒരു രാജ്യം എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ഒരുപോലെയുള്ള നിയമം സാധ്യമായാലുള്ള ഗുണം ചെറുതല്ല. നിയമത്തിന്റെ ഊരാക്കുടുക്കുകളും കോടതിയുടെ വിലപ്പെട്ട സമയത്തിലും ഇത് നല്ല രീതിയില്‍ പ്രതിഫലനവും ഉണ്ടാക്കും. എന്നാല്‍ ഒരു മതേതരത്വ രാജ്യത്ത് ചില വിഭാഗങ്ങള്‍ക്കിടയില്‍ ഇത് കൊണ്ട് വരുന്ന പ്രശ്നങ്ങളും അഭ്പ്രായാവ്യത്യാസങ്ങളും ചില്ലറയുമല്ല.
വിവാഹം, പിന്തുടര്ച്ച അവകാശം, വിവാഹ മോചനം തുടങ്ങി ഓരോ വിഷയത്തിലും ഓരോ വിഭാഗങ്ങള്‍ക്കിടയിലും വേറിട്ട ആചാരങ്ങളും അനുഷ്ടാനങ്ങളുമാണ് നിലനില്‍ക്കുന്നത്. ഏകീകൃത സിവില്‍ കോഡ് ആദ്യം ആണിയടിക്കുന്നത് ഇത്തരം വൈവിദ്യങ്ങള്ക്കാവും.
വിവാഹത്തില്‍ വധുവിനെ ചാര്‍ത്തുന്ന താലിക്ക് പോലും പല പേരുകളാവും പ്രചാരത്തിലുണ്ടാവുക. അതുകൊണ്ട് തന്നെ ഇരുമനസ്സുകള്‍ ഒത്തുചേരുന്ന ചടങ്ങിന് രജിസ്റ്ററുകളില്‍ ഒപ്പിട്ട് സാക്ഷ്യം ചെയ്യുന്ന പരിപാടിക്ക് വിയോജിപ്പുകള്‍ സ്വഭാവികമാണ്. അത്തരത്തില്‍ തന്നെ പിന്തുടര്ച്ചവകാശം തുടങ്ങി എല്ലാ വിഷയങ്ങളിലും ഈ ഭിന്നത മുഴച്ചുനില്‍ക്കും. ഈയിടത്തേക്കാണ് ഏകീകൃത സിവില്‍ കോഡെതുന്നത് എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്.
മൗലികാവകാശങ്ങള്‍ തുടങ്ങി വിശ്വാസം വഴി നീളുന്ന ഒരു പൗരന്റെ എല്ലാ അവകാശങ്ങളിലും അന്തിമ തീരുമാനം ആ പൗരന് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അതില്‍ ഭരിക്കുന്ന സര്‍ക്കാര്‍ കൈകടത്തുക എന്നത് അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായി തന്നെ പരിഗണിച്ചു പോകണം. ഏതുതരം ഐക്യം മുന്നോട്ട് വച്ചാലും ഏകീകൃത സിവില്‍ കോഡിനോട് പൗരന്മാര്ക്കിടയില് ആശങ്കയുണ്ടെങ്കില്‍ അത് പരിഹരിച്ചു തന്നെ മുന്നോട്ട് പോവണം. അല്ലാതെ ഭരണത്തിന്റെ തിണ്ണമിടുക്കില്ഇതെല്ലാം ചോദ്യംചെയ്യപ്പെടാതെ നടത്തിയെടുക്കാം എന്നത് തോന്നല്‍ മാത്രമാണ്.
നിയമം നടപ്പിലാക്കാന്‍ അന്താരാഷ്ട്ര തലത്തിലേക്ക് കൈനീട്ടി കാണിച്ച് അതുതന്നെയാണ് ഇന്ത്യയിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് പറയുന്നത് കൊണ്ട് ആശങ്കകള്‍ അകലുന്നില്ല. സുദീര്‍ഘവും സുശക്തവുമായ ചര്‍ച്ചകള്‍ മാത്രമേ ഇന്നേവരെ നല്ല തീരുമാനങ്ങളിലേക്ക് വഴി നടത്തിച്ചിട്ടുള്ളു. അല്ലാതെ പടിവാതിലില്‍ എത്തിയ തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് കത്തിപ്പുകയുന്ന മണിപ്പൂരും തൊഴിലായ്മ പോലുള്ള വിഷയങ്ങളും ഏകീകൃത സിവില്‍ കോഡ് എന്ന തിരഞ്ഞെടുപ്പ് തന്ത്രം കൊണ്ട് മറികടക്കാം എന്നത് യുക്തിയില്ലാത്തത് എന്നതിലുപരി ആത്മഹത്യപരമായേ ചിന്തിക്കാനാവു. ബാലറ്റിന് മുന്‍തൂക്കം നല്കി ഓടിപ്പിടഞ്ഞെടുക്കുന്ന തീരുമാനം ഇന്ത്യയില്‍ നീറിപ്പുകയുന്ന ആശാന്തിക്ക് കാരണമാകുമെങ്കില്‍ പിന്നെ, ഭരണഘടനയ്ക്ക് അകത്തുള്ള സോഷ്യലിസ്റ്റ് സെക്കുലര്‍ എന്നിവ മാറ്റിയെഴുതുകയും, ജനാധിപത്യം എന്ന ഭാഗങ്ങള്‍ മുഴുവന്‍ ഭേദഗതി വഴി ഒഴിവാക്കുകയും ആവും എളുപ്പമാവുക.
