ലൈം​ഗികാരോപണങ്ങൾ വ്യാജം : നടൻ ജയസൂര്യ

തനിക്കെതിരെ വന്ന ലൈം​ഗികാരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്ന് നടൻ ജയസൂര്യ. ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത് രണ്ട് നടികളാണ്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണം ഉന്നയിച്ച സ്ത്രീ പറയുന്നത് 2013ൽ ഒരു സിനിമാ ചിത്രീകരണത്തിനിടെ അവർക്ക് ദുരനുഭവം ഉണ്ടായി എന്നാണ്.

യഥാർത്ഥത്തിൽ 2013-ൽ അങ്ങനെയൊരു സിനിമാ ചിത്രീകരണം ഉണ്ടായിട്ടില്ല. ഈ പറയുന്ന സിനിമ തൊടുപുഴയിൽ വെച്ചല്ല, കൂത്താട്ടുകുളത്തുവെച്ചാണ് ചിത്രീകരിച്ചത്. മറ്റൊന്ന് സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവും നടന്‍ നിഷേധിച്ചു. പരാതി നല്‍കിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ല്‍ രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു.

എന്തിനുവേണ്ടിയാണ് ഇപ്പോൾ ഇങ്ങനെയൊരു ആരോപണവുമായി വന്നിട്ടുള്ളതെന്ന് അറിയില്ല. ചാരിറ്റി ചെയ്യുന്നുവെന്ന് കരുതി സുഹൃത്തുക്കളാകണമെന്നില്ല. എന്തിനാണ് ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല. നാളെ ഇതുപോലെ പലർക്കെതിരെയും വ്യാജ ആരോപണങ്ങൾ വരാം. എനിക്കു മറുപടി പറയാനുള്ള സ്പേസ് കിട്ടുന്നുണ്ട്. സാധാരണക്കാരനാണെങ്കിൽ എന്താണു സംഭവിക്കുക?. അയാളുടെ കുടുംബം തകരില്ലേ? കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകരില്ലേ? ഇതൊരു അവസാന സംഭവമാകട്ടെ എന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ എന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

ഇങ്ങനെയുള്ള വ്യാജ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ യഥാർത്ഥ ശബ്ദങ്ങൾ നിശബ്ദമാവുകയാണ്, ജയസൂര്യ പറഞ്ഞു. അതെസമയം 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാവാനായിരുന്നു പോലീസ് നിര്‍ദേശം. എന്നാല്‍ മാധ്യമ ശ്രദ്ധ ഒഴിവാക്കാനായി ജയസൂര്യ 8.15ന് തന്നെ ഹാജരാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *