കോട്ടയം ലോക്സഭാ സീറ്റ് ഉറപ്പിക്കാനുള്ള നീക്കത്തിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. മുന്നണിയുടെ ബന്ധത്തിന് കോട്ടം തട്ടാതെ ജോസഫ് വിഭാഗത്തിനു തന്നെ കോട്ടയം നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും ശ്രമങ്ങൾ. ഇതിനിടയ്ക്ക് അച്ചു ഉമ്മന്റെ പെരും സ്ഥാനാർത്ഥിയായി ഉയർന്നുവന്നിരുന്നു ഇതിനു പിന്നിൽ ആരുടെ തന്ത്രമാണെന്ന സംശയവും യുഡിഎഫിലുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവസാന നിമിഷമാണ് പി ജെ ജോസഫിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും മാറ്റുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പക്കൽനിന്നും മണ്ഡലം തിരിച്ചു പിടിക്കാൻ ജോസഫിനെ പോലെ ശക്തനായ ഒരു സ്ഥാനാർഥി വേണമെന്നുള്ള നിലപാടിലാണ് ഇപ്പോൾ യുഡിഎഫ്. സാമുദായികവികാരങ്ങൾ കൂടി പരിഗണിച്ച് ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പക്കൽ ഉള്ള മണ്ഡലം തിരിച്ചുപിടിക്കാൻ ആകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയം യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ഇതു കോട്ടയത്തും കാറ്റു മാറി വീശാൻ കാരണമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. പാർട്ടി ചെയർമാനായ പിജെ ജോസഫോ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫോ മത്സരിച്ചാലേ മണ്ഡലം തിരിച്ചുപിടിക്കാനാകൂ എന്നാണ് വിലയിരുത്തൽ. മോൻസ് ജോസഫിന് നിയമസഭ വിട്ട് ലോക്സഭയിലേക്ക് പോകാൻ താല്പര്യമില്ലെന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയാണെങ്കിൽ നറുക്കുവീഴുന്നത് പി ജെ ജോസഫിന് തന്നെയാകും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് പി ജെ ജോസഫ് മത്സരിക്കുന്നതിന് കെഎം മാണി ഉൾപ്പെടെയുള്ളവരുടെ സമ്മതം ഉണ്ടായിരുന്നെങ്കിലും ഒടുവിൽ തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതാണ് കേരള കോൺഗ്രസ് പിളരുവാൻ കാരണമായത്.
അതേസമയം തോമസ് ചാഴിക്കാടനെ വീണ്ടും മത്സരിപ്പിക്കാൻ മാണി വിഭാഗം തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഏറ്റവും അധികം എംപി ഫണ്ട് ചെലവഴിച്ചെന്ന നിലയിൽ മണ്ഡലം മുഴുവൻ മാണി വിഭാഗം ഫ്ലക്സുകളും സ്ഥാപിച്ചിട്ടുണ്ട്. കോട്ടയത്തോടൊപ്പം പത്തനംതിട്ട ഇടുക്കി മണ്ഡലങ്ങൾ കൂടി എൽഡിഎഫിനോട് ആവശ്യപ്പെടാനുള്ള തീരുമാനത്തിലാണ് മാണി വിഭാഗം.
