മദ്യപാനത്തെ പ്രോത്സാഹിപ്പിച്ച് പരസ്യം ; പ്രമുഖ ഫുഡ് വ്ലോഗർക്കെതിരെ കേസ്

പ്രമുഖ ഫുഡ് വ്ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ കേസടുത്ത് എക്‌സൈസ്. കൊല്ലത്തെ ഒരു ബാറിലിരുന്ന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിനാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയ കേസില്‍ ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നല്‍കി അഭിനയിച്ചുവെന്നാണ് കേസ്.

സംസ്ഥാനത്തെ നിലവിലെ അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം നല്‍കാന്‍ സാധിക്കില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. മുകേഷ് നായര്‍ പങ്കുവച്ച വീഡിയോയില്‍ മദ്യത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ബാര്‍ ലൈസന്‍സ് വയലേഷന്‍ വകുപ്പുകള്‍ ചേര്‍ത്താണ് എക്സൈസ് കേസ്. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ഫോളോവേഴ്‌സുള്ള വ്ളോഗറാണ് മുകേഷ് നായര്‍. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കൂടുതലും ഫുഡ് വ്ളോഗ് വീഡിയോകളാണ് ചെയ്യുന്നത്.

കൊല്ലത്തെ റെസ്റ്റോ ബാറുമായി ബന്ധപ്പെട്ട് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കൂടി മാത്രം വീഡിയോ കണ്ടത്. അതേസമയം, മാസങ്ങള്‍ക്ക് മുമ്ബ് കള്ള് ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച യുവതിക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. തൃശൂര്‍ ചേര്‍പ്പ് സ്വദേശിക്കെതിരെയാണ് എക്സൈസ് കേസെടുത്തത്.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് കേസ്. കുണ്ടാളിക്കടവ് ഷാപ്പില്‍ എത്തിയ യുവതി കള്ള് കുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് ചേര്‍ത്താണ് എക്സൈസ് കേസെടുത്തത്. യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *