കാണുന്ന കാഴ്ചകളെക്കാള്‍ ഭംഗി പലപ്പോഴും ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കുന്ന ഓര്‍മകള്‍ക്ക് ഉണ്ടാകാറുണ്ട്. ഒരു ഫോട്ടോഗ്രാഫര്‍ എന്നാല്‍ ഭംഗിയുള്ള നിമിഷങ്ങളുടെ സൂക്ഷിപ്പുകാര്‍ കൂടിയാണ്. അത്തരത്തില്‍ തന്റെ സ്വപ്‌നവും ചുറ്റുമുള്ളവരുടെ സന്തോഷങ്ങളും പകര്‍ത്തി മുന്നേറുകയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ആകാശ്. വെറുമൊരു ഫോട്ടോഗ്രാഫി സ്ഥാപനം എന്നതിലുപരി, ഹൃദയത്തോട് ചേര്‍ത്തുവെക്കാവുന്ന നിമിഷങ്ങളെ ഡിജിറ്റല്‍ ഫ്രെയിമിലാക്കുന്ന ‘നെല്ലിക്ക വെഡ്ഡിങ്‌സ്’ (Nellikka Weddings) എന്ന തന്റെ ബ്രാന്‍ഡിലൂടെ ആകാശ് ചേര്‍ത്തുവെക്കുന്നത് അതിരുകളില്ലാത്ത സന്തോഷ നിമിഷങ്ങളെ കൂടിയാണ്.
ആറു വര്‍ഷം മുന്‍പാണ് ആകാശ് ഫോട്ടോഗ്രാഫി രംഗത്തേക്ക് ചുവടുവെക്കുന്നത്. തുടക്കക്കാരനെന്ന നിലയില്‍ മേഖലയോടുള്ള അപരിചിതത്വം ഉണ്ടായിരുന്നുവെങ്കിലും പാഷന്റെ പാത പിന്തുടരാനായിരുന്നു ആകാശിന്റെ തീരുമാനം.

ഒരു സാധാരണ ലൈറ്റ് ബോയ് എന്ന നിലയിലായിരുന്നു തുടക്കം. ലോക്ഡൗണ്‍ കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും തളരാതെ, സീനിയര്‍ ഫോട്ടോഗ്രാഫര്‍മാരുടെ അസിസ്റ്റന്റായി ജോലി ചെയ്ത് തൊഴില്‍ പഠിക്കുകയായിരുന്നു ആദ്യ പടി. യാത്രാ സൗകര്യങ്ങള്‍ കുറവായിരുന്ന അക്കാലത്ത് പഠിച്ചെടുത്ത ആ പാഠങ്ങളാണ് ഇന്ന് നെല്ലിക്ക വെഡ്ഡിങ്‌സിനെ മികച്ചൊരു ബ്രാന്‍ഡാക്കി മാറ്റിയതിലേക്കുള്ള പാതയൊരുക്കിയത്.
കൂടുതല്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനേക്കാള്‍ ചെയ്യുന്ന ഓരോ കാര്യവും മികച്ച ഗുണ നിലവാരത്തോടെ പൂര്‍ത്തിയാക്കാനാണ് ആകാശ് ആഗ്രഹിക്കുന്നത്. ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’ ആയിട്ടും എന്നാല്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാത്തതുമായ ഫോട്ടോഗ്രാഫിയാണ് നെല്ലിക്ക വെഡ്ഡിങ്‌സിനെ മറ്റ് ഫോട്ടോഗ്രാഫി സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
വെഡ്ഡിങ് ഫോട്ടോഗ്രാഫി, ന്യൂബോണ്‍ ഷൂട്ട്, മെറ്റേണിറ്റി ഫോട്ടോഗ്രാഫി, പോര്‍ട്രെയ്റ്റുകള്‍ തുടങ്ങി ഫോട്ടോഗ്രഫിയുടെ എല്ലാ മേഖലകളിലും നെല്ലിക്ക വെഡിങ്‌സ് തങ്ങളുടെ സേവനം ഉറപ്പാക്കുന്നുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഇന്ന് കൂടുതല്‍ വര്‍ക്കുകളെങ്കിലും കേരളത്തിലുടനീളം നെല്ലിക്കയുടെ ക്യാമറയും സംഘവുമെത്തും.
താന്‍ പഠിച്ചെടുത്ത അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനായതിന്റെ സന്തോഷം കൂടിയുണ്ട് ആകാശിന്. താന്‍ പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടവര്‍ ഇന്ന് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരായി മാറിയതിന്റെ അഭിമാനവുമുണ്ട് ആകാശിന്റെ വാക്കുകളില്‍. കുടുംബത്തില്‍ നിന്നും പിന്തുണ കുറവായിരുന്നെങ്കിലും ആകാശിന്റെ സ്വപ്‌നങ്ങള്‍ക്ക് വെളിച്ചമേകാന്‍ ഭാര്യ ഗംഗയും കൂടെയുണ്ട്. ആശങ്കകളുണ്ടായിരുന്നുവെങ്കിലും ആകാശിന്റെ വളര്‍ച്ചയില്‍ മാതാപിതാക്കളും ഇന്ന് സന്തുഷ്ടരാണ്.
‘ജോലിയോട് നൂറു ശതമാനം ആത്മാര്‍ത്ഥത കാണിക്കുക, കൃത്യസമയത്ത് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി നല്‍കുക, ഉപഭോക്താക്കളോട് നല്ല രീതിയില്‍ സംസാരിക്കുക’, ഇതാണ് ആകാശിന്റെ ബിസിനസിന്റെയും വിജയത്തിന്റെയും മന്ത്രം.

നൂറോളം വര്‍ക്കുകള്‍ ഇതിനകം വിജയകരമായി പൂര്‍ത്തിയാക്കിയ ആകാശിന്റെ വലിയൊരു സ്വപ്‌നം സ്വന്തമായി സ്റ്റാഫുകളുള്ള ഒരു വലിയ ഓഫീസും, നെല്ലിക്ക വെഡ്ഡിങ്‌സിനെ കേരളത്തിലെ തന്നെ മുന്‍നിര ബ്രാന്‍ഡാക്കി മാറ്റുകയുമാണ്. വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കഠിനധ്വാനവും മുതല്‍ക്കൂട്ടാക്കി തന്റെ സ്വപ്‌നങ്ങളിലേക്കുള്ള ചുവടുവെപ്പിലാണ് ആകാശ് ഇന്ന്.
