സിപിഐ നേതാവും മുൻ എംഎൽഎയുമായ സി. ദിവാകരൻ സിപിഎമ്മിനെയും എൽഡിഎഫിനെയും വെട്ടിലാക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വിടാതെ വേട്ടയാടിയ സോളാർ കേസിൽ, അന്വേഷണ കമ്മിഷനെതിരെ വിമർശനമുന്നയിച്ചതും സോളാർ സമരത്തിൽ ‘അഡ്ജസ്റ്റ്മെന്റുകൾ’ നടന്നു എന്നുമുള്ള സി.ദിവാകരന്റെ വെളിപ്പെടുത്തൽ അടുത്തിടെയാണ് പുറത്തുവന്നത്. എന്നാൽ ഇത് തന്റെ ആത്മകഥ വിറ്റുപോകാനുള്ള ദിവാകരന്റെ മാർക്കറ്റിങ് തന്ത്രമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ഇതോടെ ആ ആരോപണമൊന്ന് തണുത്തു. എന്നാൽ നിലവിൽ മാധ്യമങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ സിപിഎമിനെതിരെയും പിവി അൻവർ എംഎൽഎയ്ക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായാണ് സി.ദിവാകരൻ എത്തിയിട്ടുള്ളത്.
മാധ്യമങ്ങളെ പൂട്ടിക്കുമെന്ന് പറയാൻ പി.വി അൻവർ ആരാണ്?, പി.വി അൻവറിനെ ക്രിമിനലായി കാണാൻ ഇടതുപക്ഷത്തിനും സിപിഎമ്മിനും കഴിയാത്തത് എന്തുകൊണ്ടാണ് തുടങ്ങി ദിവാകരന്റെ കുറ്റപ്പെടുത്തലുകൾ നീളുന്നു. താൻ നിയമസഭയിലുണ്ടായപ്പോൾ തന്റെ അടുത്തിരുന്ന അൻവർ, ഇത്ര വലിയ ഗുണ്ടയായിരുന്നു എന്നറിയില്ലായിരുന്നു എന്ന് പ്രതിപക്ഷം പറയുന്നതും പറയാൻ മടിക്കുന്നതുമായ വിമർശനങ്ങളാണ് മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സി.ദിവാകരൻ തുറന്നടിച്ചത്.
മുന്നണിയിലെ പോരായ്മകൾ ചൂണ്ടികാണിക്കാറുള്ള സിപിഐ നിലപാടായി സി.ദിവാകരന്റെ പരാമർശത്തെ കാണാനാവുമോ എന്നതാണ് നിലവിലെ പശ്ചാത്തലത്തിൽ ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ സമീപകാലത്ത് വല്യേട്ടന്റെ എല്ലാ തോന്നിവാസങ്ങൾക്കും ചുട്ടുപിടിക്കുന്ന സിപിഐ, ഈ വിഷയത്തിലും സിപിഎമ്മിന് എതിരായി ഒരു വാക്ക് പോലും പറയില്ല എന്നതാണ് അടുത്തിടെയുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നത്. അതായത് നിലവിൽ സി.ദിവാകരൻ ഉയർത്തിയ ആരോപണങ്ങൾ കേവലം വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിക്ക് ഈ നിലപാടല്ലെന്നും വൈകാതെ തന്നെ സിപിഐ തള്ളിപ്പറയുമെന്ന് തീർച്ചയാണ്. അതുമല്ലെങ്കിൽ പാർട്ടിക്കും മുന്നണിക്കും നിരന്തരം തലവേദന സൃഷ്ടിക്കുന്ന സി.ദിവാകരനെ അച്ചടക്കത്തിനും തരംതാഴ്ത്തലിനും വിധേയനുമാക്കിയേക്കാം. ഈ രണ്ടിലും അത്ഭുതപ്പെടാനുമില്ല.
എന്നാൽ മറുനാടൻ മലയാളിക്കും മറ്റ് മാധ്യമങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളിൽ ഇനിയും വ്യക്തമായ നിലപാടറിയിക്കാതെ മുന്നോട്ടുപോവാൻ തന്നെയാണ് സിപിഐ തീരുമാനമെങ്കിൽ അത് പാർട്ടിക്ക് പിന്നീട് വലിയ ദോഷം ചെയ്യുമെന്നത് തീർച്ചയാണ്. ഇടത് മുന്നണിയിൽ എന്നും ജനഹിതത്തിനൊപ്പം നിൽക്കുന്ന പാർട്ടിയെന്ന് പ്രതിപക്ഷം പോലും പുകഴ്ത്തുന്ന സിപിഐയ്യുടെ നല്ല പേരും ഇതോടെ ചോദ്യം ചെയ്യപ്പെടും. ദേശീയ തലത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിനായി ഘോരഘോരം പ്രസംഗിക്കുന്ന ഒരു പാർട്ടിയുടെ കേരളത്തിലെ സമീപനം പൊതുമധ്യത്തിൽ പരിഹസിക്കപ്പെടുകയും ചെയ്തേക്കാം.
അരുകൊണ്ടുതന്നെ ഈ വിഷയത്തിൽ സിപിഐ പരസ്യവും വ്യക്തവുമായ ഒരു നിലപാട് അറിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് സി.ദിവാകരനെ വിമർശിച്ചോ, സിപിഎമ്മിനെ വിമർശിച്ചോ, അതുമല്ലെങ്കിൽ മിതത്ത്വം പാലിച്ചോ മതിയാകും. കാരണം നിലവിൽ രാഷ്ട്രീയ കേരളത്തെക്കാളുപരി സിപിഐ പ്രവർത്തകരും അണികളും അത് ആഗ്രഹിക്കുന്നുണ്ട്. അതല്ലാത്തപക്ഷം ദിവാകരനെ പോലെ നേതാക്കൾ ഇനിയും വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തുവന്നാൽ, അതിൽ വിശദീകരണമറിയിക്കാൻ സിപിഐക്ക് ഒന്നിലധികം വാർത്താസമ്മേളനങ്ങൾ നടത്തേണ്ടതായി വരും.
