സ്‌കൂളുകള്‍ നാളെ തുറക്കുന്നു; കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാ കുട്ടികള്‍ക്കും ഹോമിയോ പ്രതിരോധമരുന്ന് നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് ഒന്നരവര്‍ഷം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കുകയാണ്. ക്രമീകരണങ്ങളെല്ലാം ഉറപ്പുവരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിനമെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാ കുട്ടികള്‍ക്കും ഹോമിയോ പ്രതിരോധമരുന്ന് നല്‍കണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞു കിടന്ന സ്‌കൂളുകള്‍ പ്രവേശനോത്സവത്തോടെ തന്നെ കുട്ടികളെ സ്വീകരിക്കും. സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍. ആശങ്കയുള്ള രക്ഷാകര്‍ത്താക്കള്‍ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാല്‍ മതിയെന്നും മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ വരുന്നത് ഒഴിവാക്കണം. രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

8, 9 ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും. 15 മുതല്‍ 8, 9 ക്ലാസുകളും പ്ലസ് വണും കൂടി തുടങ്ങും. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്‌കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കണം. ഇതൊക്കെയാണ് പൊതു നിര്‍ദ്ദേശങ്ങള്‍. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.

2400 തെര്‍മല്‍ സ്‌കാനറുകള്‍ സ്‌കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജര്‍ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളില്‍. ഇനിയും വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുത് എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *