കോട്ടയം: സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിൽ മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്ന് പി സി ജോർജ്. സ്വപ്ന സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. നൽകിയ പരാതിയിൽ താൻ പ്രതിയാണ്. അതിന് പിന്നിലെ കാരണം എത്ര ആലോചിട്ടും മനസിലാകുന്നില്ലെന്നും പി സി ജോർജ് പ്രതികരിച്ചു. സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താന്‍ ചെയ്ത കുറ്റം. സരിതയെ ഞാന്‍ ഫോണില്‍ വിളിച്ചതാണ് ഇപ്പോള്‍ സഖാക്കളുടെ പ്രശ്നമെന്നും പി.സി. ജോര്‍ജ് ആരേപിച്ചു.
സംഘർഷത്തിന് സാഹചര്യം ഉണ്ടാക്കി എന്നതാണ് എന്റെ പേരിലുള്ള ആരോപണം. ഇത്തരത്തിൽ കേസെടുക്കാനാണെങ്കില്‍ മുഖ്യമന്ത്രി പിണറായിയുടെ പേരില്‍ ഒരായിരം കേസെടുക്കണം. ഒരു രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയില്‍ നടത്തുന്ന പ്രസ്താവനക്കെതിരേ കേസെടുക്കാനാണെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തും? ഒരു സ്ത്രീയെ 16 മാസം ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിച്ച ചരിത്രം അവര്‍ എന്നോട് പറഞ്ഞു.അവര്‍ ഒരു കുറിപ്പ് തന്നു, അതില്‍ പറഞ്ഞ കാര്യം ഞാന്‍ പത്രക്കാര്‍ക്ക് കൊടുത്തു. അതാണ് ഞാന്‍ ചെയ്ത തെറ്റ്.
ജയിലില്‍ കിടക്കുന്ന ഒരു സ്ത്രീയെ അവിടെയിട്ട് പീഡിപ്പിക്കുകയും മുഖ്യമന്ത്രിയുടെ പേര് പറയരുതെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം, മുഖ്യമന്ത്രി താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ചാടുന്നതെന്തിനാണെന്ന് പി.സി.ജോര്‍ജ് ചോദിച്ചു.
