റോയ് വയലാട്ട് കൂടുതല്‍ കുരുക്കിലേക്ക്

കൊച്ചിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളുടെ ബന്ധുക്കള്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ രംഗത്ത്. റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുകൂടി വന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ പ്രതികരിച്ചത്. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച് വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സി കബീറിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.
അതിനിടെ നമ്പര്‍ 18 ഹോട്ടലുടമ, റോയ് വയലാട്ടിനെതിരെ പോക്‌സോ കേസിലെ പരാതിക്കാരില്‍ ഒരാള്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. ലഹരി മാഫിയ സംഘത്തിന്റെ ഇടപെടല്‍ സജീവമാണെന്നും കേസ് വഴിതിരിച്ചുവിടാനാണ് അഞ്ജലി ശ്രമിക്കുന്നതെന്നുമായിരുന്നു ആരോപണത്തില്‍ പറഞ്ഞത്. പീഡനകേസിനെ സാമ്പത്തിക തട്ടിപ്പ് കേസ് ആക്കി മാറ്റാനാണ് ശ്രമം എന്നും ഇതിനായാണ് അഞ്ജലി പഴയ ഫേസ്ബുക്ക് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി എന്നുമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി. ഫോര്‍ട്ട് കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് കഴിഞ്ഞ ദിവസമാണ് മെട്രോ സ്റ്റേഷന്‍ സി ഐ അനന്ത ലാലിന് കൈമാറിയത്. മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ അന്വേഷണചുമതലയും ഇദ്ദേഹത്തിനായിരുന്നു. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാത്ത കാര്യം കോടതിയെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *