തിരുവനന്തപുരം: കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇനി ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് പത്താം തീയതിക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി. ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. ബാക്കി കാര്യങ്ങള്‍
യൂണിയനുകളും മാനേജുമെന്റുകളും തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. 100 പൊതുമേഖല സ്ഥാപനങ്ങളിലൊന്ന് മാത്രമാണ് കെ എസ് ആര് ടി സിയെന്നും മനേജ്മെന്റാണ് ശമ്പളം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യസമയത്ത് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മേയ് ആറിനാണ് പണിമുടക്ക് നടത്തിയത്. നാല് ദിവസം കഴിഞ്ഞിട്ടും കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ല. ശമ്പള വിതരണത്തിനായുള്ള സര്‍ക്കാര്‍ സഹായമായ മുപ്പത് കോടി ഇന്നലെ കിട്ടിയിരുന്നു. ബാക്കി തുക മാനേജ്മെന്റിന്റെ കൈയില്‍ ഇല്ലാത്തതാണ് കാരണം. കഴിഞ്ഞ മാസത്തേത് പോലെ അമ്പത് കോടിയോളം രൂപ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇന്നു രാത്രിയ്ക്കകം ശമ്പളം ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ നടപടികളിലേക്ക് കടക്കാനാണ് യൂണിയനുകളുടെ തീരുമാനം.
