പേപ്പട്ടി ശല്യം: നടപടിയെടുക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് മാണി സി കാപ്പന്‍

പാലാ: മനുഷ്യ ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന പേപ്പട്ടി ശല്യത്തിനെതിരെ നടപടിയെടുക്കുന്നതില്‍ അധികാരികള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് മാണി സി കാപ്പന്‍ എം എല്‍ എ കുറ്റപ്പെടുത്തി. തെരുവ് നായ്ക്കള്‍ക്കെതിരെ ഫലപ്രദമായ നടപടി ഇല്ലാതെ വന്നതാണ് മനുഷ്യ ജീവന് ഭീഷണിയായത്. ആന്റി റാബിസ് വാക്‌സിനു ഗുണനിലവാരമില്ലെന്നു തെളിയിക്കുന്ന അനുഭവങ്ങളാണ് മുന്നിലുള്ളത്.

മനുഷ്യനോളം മഹത്വമുള്ള മറ്റൊരു ജീവി ഭൂമിയില്‍ ഇല്ലെന്നിരിക്കെ മനുഷ്യജീവനു ഭീഷണിയായ തെരുവ് നായ്ക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്തു കൊണ്ട് സാധിക്കുന്നില്ലെന്ന് കാപ്പന്‍ ചോദിച്ചു. ആടിനെയും പോത്തിനെയും പന്നിയെയും താറാവിനെയും കോഴിയെയും കൊല്ലാനും തിന്നാനും സ്വാതന്ത്ര്യമുള്ള നാട്ടില്‍ മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തുന്ന നായ്ക്കളെ തൊട്ടാല്‍ കേസില്‍ ഉള്‍പ്പെടുത്തുന്നത് വിരോധാഭാസമാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. തെരുവ് നായ്ക്കളുടെ വന്ധീകരണമടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുമ്പോള്‍ കേരളം ഭീതിയിലാണ്. പാല്‍ വാങ്ങാന്‍ പോയ അഭിരാമി എന്ന പന്ത്രണ്ടുകാരി പേവിഷബാധയേറ്റ് മരിച്ചതിന് സര്‍ക്കാരാണ് ഉത്തരവാദി.

പേവിഷബാധ തടയുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ വൈകരുത്. തെരുവ് നായ്ക്കളുടെ ഭീഷണി തടയാന്‍ ഉതകുന്ന വിധം നിയമം പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തെരുവ് നായ്ക്കളുടെ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടേ മതിയാകൂവെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. പേപ്പട്ടി കടിച്ചുണ്ടായ ഓരോ മരണവും ഒഴിവാക്കാമായിരുന്നതാണ്. ഈ വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *