എറണാകുളം: കോവിഡ് മഹാമാരിയും ലോക്ക്ഡൗണ്‍ നിയന്ത്രണവും കാരണം ജീവിതം വഴിമുട്ടിനില്ക്കുന്നവരാണ് ഭാഗ്യം വില്ക്കുന്ന ലോട്ടറി വില്‍പനക്കാര്‍. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.
ലോട്ടറി കച്ചവടം നിലച്ചതോടെ ജീവിതം വഴിമുട്ടിയ കാഴ്ചശക്തിയില്ലാത്ത ഇലഞ്ഞി സ്വദേശി അഞ്ചേരിയില്‍ ഇത്താക്ക് പീറ്ററിന് സഹായവുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്. ഇത്താക്ക് പീറ്ററിനു ഭക്ഷ്യധാന്യ കിറ്റ് നല്‍കാനായി പോയ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയര്‍ ഉണ്ണികൃഷ്ണനും പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖിയ്ക്കും ബോധ്യപ്പെട്ടത് സംസ്ഥാനത്തെ ഭാഗ്യക്കുറി വില്‍ക്കുന്ന തൊഴിലാളികളുടെ വഴിമുട്ടിയ ജീവിതത്തിന്റെ നേര്‍ചിത്രം കൂടിയാണ്.
നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ റൂണ്ടെ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധിയിലൂടെ എല്ലാ ഭിന്നശേഷിക്കാര്‍ക്കും കാഴ്ചശക്തിയില്ലാത്തവര്‍ക്കും എ.പി.എല്‍, ബി പി എല്‍ വേര്‍തിരിവില്ലാതെ അന്ത്യോദയ, അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ റേഷന്‍ അനുവദിക്കണമെന്നുണ്ടങ്കിലും കേരളത്തില്‍ ഇതുവരെയും നടപ്പിലായിട്ടില്ലന്നും ഇത്താക്ക് പീറ്റര്‍ പറയുന്നു.
പ്രായമേറിയവരും രോഗികളും ഭിന്നശേഷിക്കാരും കാഴ്ച ശേഷിയില്ലാത്തവരും വനിതകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കാഴ്ചയില്ലാത്ത ഭാഗ്യക്കുറി തൊഴിലാളികളുടെ അതിജീവനത്തിനായി ഇത്തരക്കാരുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുരക്ഷിതരായി ടിക്കറ്റ് വില്‍ക്കാന്‍ കഴിയുന്നത് വരെ മാസം മൂവായിരം രൂപയില്‍ കുറയാത്ത സാമ്പത്തിക സഹായ പാക്കേജ് അനുവദിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ ഓഫ് ദി സൈറ്റ്‌ലസ്സ് ജനറല്‍ സെക്രട്ടറി കൂടിയായ ഇത്താക്ക് പീറ്റര്‍ പറഞ്ഞു.
സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പന നിര്‍ത്തിവച്ചതും അതുവഴി കാഴ്ചശക്തിയില്ലാത്ത ലോട്ടറി തൊഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന വരുമാനം പൂര്‍ണമായും നിലച്ചതു കാരണം മറികടക്കാന്‍ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കാഴ്ചശക്തിയില്ലാത്തവരും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും ജീവിത ശൈലി രോഗങ്ങള്‍ക്കുള്‍പ്പെടെ ഉള്ള വിലകൂടിയ മരുന്നുകള്‍ വാങ്ങാനാകാതെയും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ മൊബൈല്‍ ഫോണില്‍ ഇന്റനെറ്റ് ചാര്‍ജ് ചെയ്യാനും വൈദ്യുതി, ഗ്യാസ് തുടങ്ങിയവ ഉള്‍പ്പെടെയ്ക്കുള്ള സാമ്പത്തികം ഇല്ലാതെ നെട്ടോട്ടം ഓടുകയാണ്.
ഭാഗ്യക്കുറി ഏജന്റുമാരും, തൊഴിലാളികളും, ക്ഷേമനിധി അംഗങ്ങളുമായി മൂവായിരത്തോളം വരുന്ന കാഴ്ചശക്തിയില്ലാത്തവര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കാണിച്ച് കൊണ്ട് ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഒരു വര്‍ഷത്തോളമായിട്ടും ഒരു തീരുമാനമായിട്ടില്ല.
ഈ സാഹചര്യത്തില്‍ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ്.
