തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാൻ നടപടികളുമായി കേരള പൊലീസ്. ഇതിനായി പ്രത്യേക സമിതിയ്ക്ക് രൂപം നൽകി. നിലവിൽ തോക്ക് ലൈസൻസുള്ളവർക്കും അതിനായി അപേക്ഷ സമർപ്പിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം നിലവിൽ സംസ്ഥാനത്ത് പൊലീസ് അംഗങ്ങൾക്ക് മാത്രമാണ് ആയുധപരിശീലനം ലഭിക്കുന്നത്. പൊലീസിന്റെ വിവിധ ബറ്റാലിയനുകളിലും തൃശൂർ പൊലീസ് അക്കാദമിയിലുമാണ് ആയുധ പരിശീലനം നൽകി വരുന്നത്. 1000 മുതൽ 5000 രൂപ വരെയാണ് പരിശീലന ഫീസായി പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നത്. ആയുധങ്ങളെക്കുറിച്ച് മനസിലാക്കാനും പരിചയപ്പെടാനും 1000 രൂപ ഫീസടച്ചാൽ മതിയാകും. അതേസമയം, ഫയറിംഗ് പരിശീലനം പോലെയുള്ള കാര്യങ്ങൾക്ക് ഫീസ് കൂടും. വിവിധ ബറ്റാലിയനുകളിൽ വച്ചായിരിക്കും പരിശീലനം നൽകുക.
തോക്ക് ലൈസൻസുള്ളവർക്ക് പോലും എങ്ങനെ ആയുധം ഉപയോഗിക്കണം എന്ന കാര്യത്തിൽ പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഇതിന് പരിഹാരം വേണമെന്നും കാണിച്ച് ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. പിന്നാലെയാണ് ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് ഡിജിപി ഉത്തരവിറക്കിയത്. പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെൽത്ത് സർട്ടിഫിക്കറ്റ്, ആധാർ രേഖകൾ, ആയുധ ലൈസൻസ് എന്നിവ ഹാജരാക്കിയാൽ മാത്രമേ ആയുധ പരിശീലനം ലഭിക്കുകയുള്ളു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
