കൊടകര കുഴല്‍പ്പണക്കേസ് ; 21 പ്രതികളുമായിഎങ്ങുമെത്താതെ അന്വേഷണം

സബിത ഗംഗാധരന്‍

തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം പുരോഗമിക്കുന്നുവെന്ന് ദിനം പ്രതി മാധ്യമ റിപ്പോര്‍ട്ടുകള്‍. 21 പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴികളെടുക്കുന്നു. ഫോണ്‍കോളുകള്‍ പരിശോധിക്കുന്നു. ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുന്നു. ഉണ്ട ചോറിന് നന്ദി എന്നപോലെ മാധ്യമങ്ങള്‍ എതിര്‍പക്ഷത്തെ പ്രതികളാക്കുന്നു. എന്നാല്‍ ശരിയായ ദിശയിലാണോ ഈ കേസ് സഞ്ചരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നീണ്ട പ്രതികളുടെ നിര ഉണ്ടായിട്ടും എന്തുകൊണ്ടാണ് പണത്തിന്റെ ഉറവിടം കണ്ടത്താന്‍ കഴിയാത്തത്?

ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കൊടകരയില്‍ വച്ച് വ്യാജവാഹനാപകടമുണ്ടാക്കി കുഴല്‍പ്പണം തട്ടിയെടുത്തത്. കാറില്‍ നിന്നും 25 ലക്ഷം തൂപ നഷ്ടപ്പെട്ടതായി ഡ്രൈവര്‍ ജംഷീര്‍ പോലീസിന് പരാതി നല്‍കി. അവിടെ നിന്നും കുഴല്‍ പണത്തിന്റെ കഥകള്‍ പുറത്ത് വരാന്‍ തുടങ്ങി. കേസില്‍ കോഴിക്കോട്ടെ അബ്കാരിയായ ധര്‍മരാജനെ പോലീസ് അറസ്റ്റ് ചെയ്തു. ധര്‍മരാജന്റെ ഡ്രൈവര്‍ ജംഷീറാണ് തന്റെ കാറില്‍ നിന്നും 25 ലക്ഷം രൂപ വ്യാജ അപകടമുണ്ടാക്കി ഒരു സംഘം കവര്‍ന്നുവെന്ന് പോലീസിന് പരാതി നല്‍കിയത്. കാറില്‍ പണം കൊടുത്തുവിട്ടത് ധര്‍മരാജനാണെന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തു. അന്വേഷണത്തില്‍ മൂന്നരക്കോടി രൂപ തുക കാറില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശി സുനില്‍ നായിക്കാണ് തനിക്ക് പണം നല്‍കിയതെന്ന് ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കി. സുനില്‍ നായിക് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ളയാളാണ് അന്വേഷണത്തില്‍ തെളിഞ്ഞു. അങ്ങനെയാണ് കൊടകര കേസ് ബിജെപിയിലേക്ക് തിരിയുന്നതും, സുരേന്ദ്രന് ഇതില്‍ പങ്കുണ്ടെന്നും പുറത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനം. എന്നാല്‍ സിപിഎം പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും, ബിജെപിയെ തകര്‍ക്കുകയാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നു. പ്രതികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടാകാം എന്നാല്‍ കുഴല്‍പണക്കേസുമായി യാതൊരു ബന്ധമില്ലെന്ന് ബിജെപി നേതാക്കള്‍ ഒടങ്കം പറയുന്നു.

കൊടകര കുഴല്‍പ്പണക്കേസ് റേഞ്ച് ഡി ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എന്നാല്‍ പണത്തിന്റെ ഉറവിടം കണ്ടെത്തുക എന്ന ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോഴും നിലകൊള്ളുന്നത്. ബിജെപിയുടെ ജില്ലാ സെക്ട്രറിമാരേയും പ്രവര്‍ത്തകരേയും മാറി മാറി ചോദ്യം ചെയ്യുന്ന പോലീസിന് കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

കേസിലെ ഒന്‍പതാം പ്രതിയായ തൃശൂര്‍ സ്വദേശി ബാബുവിന്റെ വീട്ടില്‍ നിന്നും 23 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. മറ്റൊരു പ്രതിയായ മാര്‍ട്ടിന്‍ അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നത്, പ്രതിയുടെ അമ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാക്കിയിരുന്നു. ഇനിയും നഷ്ടമായ കോടികള്‍ എവിടെ, എങ്ങനെയാണ് എന്നതില്‍ വ്യക്തമായ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിച്ച കുഴല്‍പ്പണമാണ് വ്യാജ അപകടമുണ്ടാക്കി അപഹരിച്ചത് എന്നതായിരുന്നു പോലീസ് നിഗമനം. പണവുമായെത്തിയ ധര്‍മരാജനും ഷമജൂറിനും മുറി എടുത്ത് നല്‍കിയത് ജില്ലാ നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് ബിജെപി തൃശൂര്‍ ജില്ലാ ഓഫിസ് സെക്രട്ടറി പോലിസിനെ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ സുരേഷ് ഗോപിയെയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

എന്നാല്‍ കേസിന് മറ്റൊരു വഴിത്തിരിവ് ആകുകയായിരുന്നു ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ വെളിപ്പെടുത്തലുകള്‍. സി കെ ജാനു എന്‍ഡിഎയില്‍ ചേരാന്‍ പത്ത് ലക്ഷം ചോദിച്ചുവെന്നും അതിന് മറുപടി പറയുന്ന കെ സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണം ആയിരുന്നു അത്. അതിന് പിന്നാലെയാണ് കെ സുന്ദരയുടെ മൊഴി വീണ്ടും പാര്‍ട്ടിക്ക് തലവേദനയായി. തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തനിക്ക് മോഹന വാഗ്ദാനങ്ങല്‍ നല്‍കിയിരുന്നുവെന്നു സുന്ദരയുടെ മൊഴി.

പിന്നീട് എല്ലാ കേസുകളും പോലെ ധര്‍മ്മരാജന്റെ മൊഴിമാറ്റ ഹര്‍ജി കോടതിയിലെത്തുകയും അത് തള്ളിപ്പോവുകയും ചെയ്തു. കാറിലുണ്ടായിരു പണം തന്റേതാണെന്നും അത് തിരികെ വേണമെന്നും ആവശ്യപ്പെട്ട് ധര്‍മ്മരാജന്റെ ഹര്‍ജി ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയിലെത്തുകയും അത് തള്ളിപ്പോവുകയും ചെയ്തു.

കേരളത്തിലെ പരാജയവും കൊടകര കുഴല്‍പ്പണവും കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന നിലനില്‍പ്പിനെ ബാധിക്കുമെന്നും, ഉത്തരവാദിത്വം ആരോപണ വിധേയനായ നേതാവ് ഏല്‍ക്കണമെന്നും ആവശ്യപ്പെട്ടു ബിജെപിയുടെ ഒരു സംഘം നേതാക്കള്‍ രംഗത്ത് വന്നു. കെ സുരേന്ദ്രനെതിരെ പാര്‍ച്ചി യോഗത്തില്‍ത്തന്നെ സ്വരം ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന പണം വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതില്‍ പാളിച്ചകള്‍ സംഭവിച്ചുവെന്നും കേന്ദ്രനേതൃത്വം ആരോപിച്ചിരുന്നു. ഇതിനിടെ കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെതുടര്‍ന്നാണ് സമിതി രൂപീകരിച്ചത്. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിബി ആനന്ദ ബോസ് എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കള്ളപ്പണക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും കേസിലെ പ്രതികളെ രക്ഷിക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും. ശരിയായ പ്രതികളെ കണ്ടത്തി നിയമത്തിന് മുന്‍പില്‍ കൊണ്ടുവരട്ടെ. തിരഞ്ഞെടുപ്പിന് മുന്‍പ് അവസാനിച്ച സ്വര്‍ണക്കടത്ത് പോലെ അന്വേഷണം പാതിവഴിയില്‍ അവസാനിക്കാതെയിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *