താലിബാനുമായി സൗഹൃദത്തിന് ചൈന; അഫ്ഗാന്‍ ജനത അടിമത്വത്തില്‍ നിന്ന് മോചിതമായ് എന്ന് പാകിസ്ഥാനും

ബെയ്ജിങ്: താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന. താലിബാനെ പരസ്യമായി അംഗീകരിച്ച് പാകിസ്ഥാനും. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് ചൈനയുടെ പങ്കാളിത്തം താലിബാന്‍ അഭ്യര്‍ത്ഥിച്ചുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അധികാരകൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണമെന്നും ചൈന നിര്‍ദ്ദേശിച്ചു.

താലിബാനെ അനുകൂലിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനടക്കമുള്ളവര്‍ രംഗത്തെത്തി. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ പൊട്ടിച്ചത് അടിമത്തത്തിന്റെ ചങ്ങലകളാണെന്നാണ് ഇമ്രാന്‍ അഭിപ്രായപ്പെട്ടത്. അഫ്ഗാന്‍ ജനതയെ തുടര്‍ച്ചയായ സംഘര്‍ഷത്തിലേക്ക് തള്ളിവിടാതെ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വ്യക്തമാക്കി.

എന്നാല്‍ റഷ്യയും ബ്രിട്ടനും കരുതലോടെയാണ് പ്രതികരിച്ചത്. ഗൗരവത്തോടെ കാര്യങ്ങള്‍ പഠിച്ച് വൈകാതെ ഒരു തീരുമാനം കൈക്കൊള്ളും എന്നാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രതിനിധിയായ സമീര്‍ കാബുലോവ് പറഞ്ഞത്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടന്‍ വ്യക്തമാക്കി. അതേസമയം അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ യോഗം ഇന്നു ചേരും.

Leave a Reply

Your email address will not be published. Required fields are marked *