ഇപ്പോഴത്തെ സംഭവം ആശ്ചര്യകരമെന്നും വിശദമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീർത്ത് അതിന്റെ മേന്മ നേടുന്നതിനാണോ എന്നാണ് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയുടെ ചോദ്യം. ഒട്ടേറെ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് കേരളം. ഒരു ദുരന്തം വരുമ്പോൾ മറ്റൊന്നും തടസ്സമായി നിന്നു കൂടാ. ആ ഒരു വികാരത്തോടെയാണ് ഐക്യബോധത്തോടെയാണ് നാടും ജനങ്ങളും പ്രതികരിച്ചത്. മുണ്ടെകൈ ദുരന്തം വന്നപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു. അവരെ സഹായിക്കാൻ ഉദാരമദികൾ രംഗത്തുവന്നു.
അന്ന് സർക്കാർ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. വസ്ത്രങ്ങൾ അയക്കുമ്പോൾ ഉപയോഗിച്ച് പഴയ വസ്ത്രങ്ങൾ ആരും അയക്കേണ്ടതില്ല എന്ന് അന്നു പറഞ്ഞു. അത് ആ മനുഷ്യരോടുള്ള കരുതലിന്റെ പുറത്താണ് പറഞ്ഞത്. നാം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രം ധരിക്കേണ്ടവരല്ല അവർ. അവർക്ക് മാന്യമായ വസ്ത്രധാരണത്തിനുള്ള അവസ്ഥ ഉണ്ടാകണം. ഉപയോഗിച്ച വസ്ത്രങ്ങൾ അയക്കരുത് എന്ന് അന്ന് പറഞ്ഞത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു.
സഹായം നൽകുന്നതിനുള്ള എല്ലാ സഹായങ്ങളും സർക്കാർ ഒരുക്കി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ സഹായങ്ങൾ വിലകുറച്ചു കാണേണ്ടതില്ല. ഇപ്പോൾ ഉണ്ടായ സംഭവം ആശ്ചര്യകരമായതാണ്. ഒരു പഴയതും കൊടുക്കാൻ പാടില്ലെന്ന പറഞ്ഞ ഗവൺമെന്റിന്റെ ഭാഗമായി നിൽക്കേണ്ട പ്രാദേശിക സർക്കാർ ആണ് പഴയ വസ്ത്രങ്ങൾ വിതരണം ചെയ്തു എന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് അന്വേഷിക്കണം. നിയമപരമായി നൽകുന്ന നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. എന്തായിരുന്നു അതിന്റെ ഉദ്ദേശം. എങ്ങനെ ഈ പഴയ സാധനങ്ങൾ എത്തി. അതെല്ലാം പരിശോധനയിലൂടെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംഭവത്തിൽ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ്. പഞ്ചായത്തിൻ്റെ ഭാഗത്തല്ല തെറ്റ്. പഞ്ചായത്തിന് സാധനങ്ങൾ നൽകിയത് റവന്യൂ വകുപ്പാണ്. ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു.
