പട്ടിയിറച്ചി നിരോധിച്ച നാഗാലാന്‍സ് സര്‍ക്കാര്‍ നടപടി റദ്ദാക്കി ഗുവാഹത്തി ഹൈക്കോടതി. നാഗാലാന്‍ഡ് ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണമാണ് പട്ടിയിറച്ചിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാണിജ്യ ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും പട്ടിയിറച്ചി വില്‍ക്കുന്നതിനുള്ള നാഗാലാന്‍ഡ് സര്‍ക്കാര്‍ നിരോധനമാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് റദ്ദാക്കിയത്. കൊഹിമ മുനിസിപ്പല്‍ കൗണ്‍സിലിലെ വ്യാപാരികള്‍ 2020ല്‍ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചതിന് തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം 2020 നവംബറില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
തുടര്‍ന്നാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. പട്ടിയിറച്ചി നാഗകള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണമാണെന്ന് ജസ്റ്റിസ് മാര്‍ലി വാങ്കുങ് വിധിയില്‍ ചൂണ്ടിക്കാട്ടി. പട്ടിയിറച്ചി വില്‍പനയിലൂടെ വ്യാപാരികള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നേടാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. 2011ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് റെഗുലേഷന്റെ മൃഗങ്ങള്‍ എന്നതിന്റെ നിര്‍വചനത്തിന് കീഴില്‍ നായകളെ പരാമര്‍ശിച്ചിട്ടില്ലെന്നും ജസ്റ്റിസ് വാങ്കുങ് അഭിപ്രായപ്പെട്ടു.
നാഗാലാന്‍ഡിലെ വിവിധ ഗോത്രക്കാര്‍ നായ മാംസം ഭക്ഷിക്കുന്നത് അംഗീകരിക്കാതിരിക്കാന്‍ ഒരു കാരണവും കണ്ടെത്തുന്നില്ലെന്നും പട്ടിയിറച്ചിക്ക് ഔഷധമൂല്യമുണ്ടെന്ന വിശ്വാസം ഇവര്‍ക്കിടയിലുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്
പ്രകാരം നിരോധനം നടപ്പാക്കാന്‍ കമ്മീഷണറെ നിയമിക്കാന്‍ സെക്രട്ടറിക്ക് അധികാരമല്ലെന്ന് ജസ്റ്റിസ് വാങ്കുങ് പറഞ്ഞു. മന്ത്രിസഭയുടെ അനുമതി പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പറയുമെങ്കിലും നായ മാംസം കച്ചവടവും ഉപഭോഗവും സംബന്ധിച്ച നിയമങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കാന്‍ ബാധ്യസ്ഥമാണെന്ന് ഹൈക്കോടതി പറഞ്ഞു.
മുന്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി മുമ്പ് നാഗാലാന്‍ഡില്‍ നായകളെ മാംസത്തിനായി ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ അവര്‍ ശക്തമായ പ്രചാരണവും നടത്തിയിരുന്നു.
നേരത്തെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനും സര്‍ക്കാരിനോട് നായകളെ കൊല്ലുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം സര്‍ക്കാര്‍ പട്ടി മാംസം നിരോധിച്ചതോടെ വലിയ പ്രതിഷേധവും നാഗാലാന്‍ഡില്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്തലും ഉയര്‍ന്നു. നാഗാലാന്‍ഡിലെ പല വിഭാഗങ്ങള്‍ക്കിടയിലും പട്ടികളുടെ ഇറച്ചി വളരെ പ്രചാരണത്തിലുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് വലിയ പ്രചാരം നേടിയിട്ടുണ്ട്.
അതേസമയം മരുന്നിനായും പട്ടിയിറച്ചി ഉപയോഗിക്കുന്നുണ്ട്.
പരമ്പരാഗതമായി സംസ്ഥാനത്ത് പതിറ്റാണ്ടുകളായി ഇത് ഉപയോഗിക്കുന്നു.
പട്ടികളുടെ മാംസം കഴിച്ചാല്‍ കുറച്ചു നേരത്തേക്ക് ശക്തി ലഭിക്കും എന്നും വിശ്വാസമുണ്ട്. അതുകൊണ്ട് അവിടെ ഉള്ള പരമ്പരാഗത ഗുസ്തിക്കാര്‍ മത്സരത്തിന് മുന്‍പും, ശേഷവും പട്ടി ഇറച്ചി കഴിക്കുന്നത് ശീലം ആയിരുന്നു. വിശേഷ ദിവസങ്ങളിലും അവിടെ പട്ടി ഇറച്ചി വച്ച് വിഭവങ്ങള്‍ പാകം ചെയ്തിരുന്നു. ഇതുകൊണ്ട് ഒക്കെ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ ഒക്കെ നാഗാലാന്‍ഡില്‍ നിന്നുള്ളവര്‍ക്ക് ഒരു അപ്രഖ്യാപിത മുദ്ര സമൂഹം പലപ്പോഴും കല്പിക്കാറുണ്ട്.
മിസോറാമിലേയും ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ സര്‍വസാധാരണമാണ് പട്ടിയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍. വറുത്തും, ചുട്ടും, കറിയായും ഒക്കെ പട്ടിയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍ ലഭിക്കും.
