കൂത്തുപറമ്പ് (കണ്ണൂർ): ചാത്തൻ സേവയുടെ പേരിൽ 16 കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. മന്ത്രവാദ കേന്ദ്രത്തിൽ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്ന പെൺകുട്ടി ഇവിടെവെച്ച് നിരവധി തവണ പീഡനത്തിന് ഇരയായെന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ചാത്തൻ സേവയിലൂടെ തട്ടിപ്പ് നടത്തുകയാണെന്ന ആരോപണവുമായി ഇയാൾക്കെതിരെ പലരും രംഗത്ത് വന്നിരുന്നു. മുമ്പ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് മന്ത്രവാദ കേന്ദ്രത്തിൽ എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ വശീകരിച്ചുവെന്ന പരാതിയിലാണ് പോലീസ് ജയേഷിനെ പിടികൂടിയത്. രേഖാമൂലം പരാതി നൽകാൻ പെൺകുട്ടി വിസമ്മതിച്ചതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. പിന്നീട് കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി പീഡന വിവരം പോലീസിനോട് പറഞ്ഞത്.
