ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസാരംഭം

ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം. ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ, പൂർണ്ണമായും പ്രാർത്ഥനകൾക്കും രാമായണ പാരായണത്തിനും നാലമ്പല ദർശനങ്ങൾക്കുമായാണ് വിശ്വാസികൾ ഈ മാസത്തെ മാറ്റി വച്ചിരിക്കുന്നത്. കള്ളക്കര്‍ക്കടകം എന്നും പഞ്ഞക്കര്‍ക്കടകം എന്നും കര്‍ക്കടകത്തിന് വിളിപ്പേരുകളുണ്ട്. കര്‍ക്കടം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാരുടേതായുണ്ട്.

അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കർക്കടകത്തിൽ തുടക്കമാകും. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. താളും തകരയും ഉൾപ്പെടെ ഇലക്കറികൾ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം . രോഗങ്ങളെ പ്രതിരോധിക്കാൻ മനസ്സിനും ശരീരത്തിനും പരിചരണം നൽകുന്ന കാലം. പൊതുവെ ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികളോടെയാണ് രാമായണ മാസം ആചരിക്കുക. നാലമ്പലദർശനവും കർക്കടകമാസത്തിലെ മാത്രം പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *