സുഹൃത്തുക്കളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് കുന്നംകുളത്ത് വി.എസ്. സുജിത് എന്ന പൊതുപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ക്രിമിനല്‍ മനസ്സുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.
കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നുഹ്മാന്‍, സി.പി.ഒ മാരായ ശശിന്ദ്രന്‍, സജീവന്‍, സന്ദീപ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്സെടുക്കണം.
നിരപരാധിയായ ഒരു ചെറുപ്പക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്ത്, ഇടിമുറിയില്‍ കൊണ്ടുപോയി മനസ്സാക്ഷി മരവിക്കുന്ന വിധം കാട്ടാള നിയമം നടപ്പാക്കിയ പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
ഒരു ജനകീയ സര്‍ക്കാരിന് ഭൂഷണമല്ലാത്ത, സംസ്ഥാന പോലീസ് സേനയ്ക്ക് തന്നെ കളങ്കം ഉണ്ടാക്കിയ പ്രവര്‍ത്തിയാണ് കാക്കിയിട്ട ഈ നാരാധമന്മാര്‍ നടത്തിയത്. ഈ ക്രിമിനലുകള്‍ക്കെതിരെ ഡിപ്പാര്‍ട്‌മെന്റല്‍ നടപടിക്കപ്പുറം ക്രിമിനല്‍ നടപടി സ്വീകരിച്ച് കല്‍ത്തുറുങ്കില്‍ അടക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഇടപെടല്‍ ഉണ്ടാകണം.
2023 ഏപ്രില്‍ 5 ന് നടന്ന സംഭവത്തില്‍, രണ്ടര വര്‍ഷം ആ കേസ് വിടാതെ പിന്തുടര്‍ന്ന്, കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും, ഇപ്പോള്‍ പോലീസ് ഒളിപ്പിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവരികയും ചെയ്ത, സുജിത് എന്ന ചെറുപ്പക്കാരന്റെ പോരാട്ട വീര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിക്കുന്നതായും ആനന്ദകുമാര്‍ അറിയിച്ചു.

 
                                            