സമരയാത്രയില്‍ നോട്ടുമാല ധരിക്കുന്നതിനെതിരെ പരാതി

പാലാ: ആശാ വര്‍ക്കര്‍ന്മാരുടെ രാപകല്‍ സമരയാത്രയുടെ ഭാഗമായി ജാഥാ അംഗങ്ങളെ നോട്ടുമാല അണിയിക്കുന്ന നടപടിക്കെതിരെ പരാതിയുമായി പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് രംഗത്തുവന്നു. നോട്ടുമാല തയ്യാറാക്കുന്നതും കറന്‍സി നോട്ടുകളില്‍ എഴുതുന്നതും റിസര്‍വ്വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസിക്ക് എതിരാണെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സ്വഭാവമുള്ള മുദ്രാവാക്യങ്ങളും സന്ദേശവും എഴുതിയിരിക്കുന്ന നോട്ടിന് നിയമസാധുത നഷ്ടപ്പെടുകയും അത്തരം നോട്ടിലെ അവകാശവാദം ആര്‍ബിഐ (നോട്ട് റീഫണ്ട്) നിയമങ്ങളിലെ റൂള്‍ 5(2) പ്രകാരം നിരസിക്കപ്പെടുകയും ചെയ്യുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. അതുപോലെ വികൃതമാക്കിയ നോട്ടുകളും ആര്‍ബിഐ (നോട്ട് റീഫണ്ട്) നിയമങ്ങളിലെ റൂള്‍ 5(2) പ്രകാരം നിരസിക്കാവുന്നതാണെന്നും റിസര്‍വ്വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസില്‍ പറയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ നോട്ടുമാല തയ്യാറാക്കിയ നടപടി അനുചിതവും അവഹേളനപരവുമാണ്. രാഷ്ട്രപിതാവിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ മാലയായി ഉപയോഗിക്കുന്നത് അദ്ദേഹത്തെ അനാദരിക്കുന്നതിന് തുല്യമാണ്. വ്യാപകമായി നോട്ട്മാല ഉപയോഗിക്കുന്നതിനെതിരെ ക്ലീന്‍ നോട്ട് പോളിസി പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു റിസര്‍വ്വ് ബാങ്ക്, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്ക് എബി ജെ ജോസ് പരാതി നല്‍കി. കറന്‍സി നോട്ടുകള്‍ ദുരുപയോഗിക്കുന്നതിനെതിരെ 2013 ല്‍ എബി ജെ ജോസ് സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് ക്ലീന്‍ നോട്ട് പോളിസിക്ക് രൂപം നല്‍കിയത്. അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല നടത്തിയ കേരള യാത്രയില്‍ കറന്‍സി നോട്ടുകള്‍ നോട്ടുമാലയായി ദുരുപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *