അനന്തപുരി ആകാശ വാണിക്കും പറയാനുണ്ട് ഒരു കഥ

“പ്രഭാതഭേരിയിലേക്ക് ശ്രോതാക്കൾക്ക് സ്വാഗതം “നമ്മളിൽ പലരുടെയും കുട്ടിക്കാലം ആരംഭിക്കുന്നത് തന്നെ ഈ ശബ്ദം കേട്ടു കൊണ്ടായിരുന്നു . കളർ ടി.വികളും റിമോർട്ട് കൺട്രോളുകളും ആഢംബരമായിരുന്ന കാലം . അന്ന് എല്ലാ കുടുംബത്തിലും ഒരംഗത്തെ പോലെയായിരുന്നു റേഡിയോ .
റേഡിയോ പലർക്കും ഒരു വിനോദോപാദി എന്നതിനപ്പുറം ഒരു വിജ്ഞാനോ പാദി കൂടിയായിരുന്നു . ഇവിടെ ഉണർത്തുപാട്ടുകളും കേരളത്തിൻ്റെ സാംസ്ക്കാരിക ഗരിമ വിളിച്ചോതുന്ന സംപ്രേക്ഷണങ്ങളും സുലഭമയിരുന്നു .

ഇനി ആകാശവാണി തിരുവനന്തപുരത്തിൻ്റെ ചരിത്രം പറയാം .

ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ആരംഭിക്കുന്നത് 1943 മാർച്ച് 12നാണ് . തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ മഹാരാജാവാണ് അതിൻ്റെ ഉദ്ഘാടനം നിർവഹിച്ചത് .പഴയ എം.എൽ.എ ക്വാർട്ടേഴ്സിലായിരുന്നു അക്കാലത്ത് സ്റ്റുഡിയോ പ്രവർത്തിച്ച് പോന്നിരുന്നത് .
അന്നൊക്കെ കുളത്തൂരിൽ സ്ഥാപിച്ചിരുന്ന ശേഷി കുറഞ്ഞ ട്രാൻസ്മിറ്റർ ഉപയോഗിച്ചായിരുന്നു പ്രക്ഷേപണം നടത്തിയിരുന്നത് . 1950 ൽ എ.ബി.എസ് ആൾ ഇൻഡ്യാ റേഡിയോയിൽ ലയിച്ചു . തുടർന്നാണ് ഇന്ന് കാണുന്ന ഭക്തി വിലാസം കൊട്ടാരം എന്നു പേരുള്ള വഴുതക്കാട്ടെ സ്റ്റുഡിയോയിലേക്ക് മാറിയത് . ഇതിനിടയിൽ കുളത്തൂരിലെ ട്രാൻസ്മിറ്ററിൻ്റെ ശേഷി ഇരട്ടിയാക്കി വർധിപ്പിച്ചു . 1971 ൽ ആലപ്പുഴയിൽ 100 കെ.വി ട്രാൻസ്മിറ്ററും 94 ൽ 50 കെ.വി എസ്.ഡബ്ല്യു ട്രാൻസ്മിറ്ററും സ്ഥാപിച്ചതോടു കൂടി ഇൻഡ്യയിലെവിടെയും പരിപാടികൾ വ്യക്തമായി റിലേ ചെയ്യാൻ കഴിഞ്ഞു .

അന്ന് മുതൽ സംപ്രേക്ഷണം ചെയ്ത് പോരുന്ന ചില ജനപ്രിയ പരിപാടികൾ ഇന്നും ഓർമ്മയിൽ വരുന്നു . പൂന്തേനരുവി , വയലും വീടും , കണ്ടതും കേട്ടതും , ബാല ലോകം , യുവവാണി, റേഡിയോ നാടകങ്ങൾ അങ്ങനെ പലതും .
പിന്നീട് ശ്രീറാം , ചന്ദ്രിക , രാധാ കൃ ഷ്ണൻ , രാജേശ്വരി തുടങ്ങി ചില റേഡിയോ അവതാരകരുടെ പേരുകളും . മാത്രമല്ല കുമ്പനാട് ശ്രീകുമാർ , പാലൊളി നവാസ് പോലെയുള്ള റേഡിയോ സുഹൃത്തുക്കൾ . ടി.വി , മൊബൈൽ ഫോൺ , ഇൻ്റർനെറ്റ് യുഗത്തിൽ റേഡിയോ സംസ്ക്കാരം നിലച്ചു എന്ന് ആലങ്കാരികമായി പറഞ്ഞാലും ശ്രോതാക്കളുടെ ജീവിതവുമായി ഏറെ അടുപ്പമുള്ള ഈ ആകാശവാണിക്ക് ആസ്വാദകർ ഇന്നും ഏറെയാണ് .

Leave a Reply

Your email address will not be published. Required fields are marked *