തിരുവനന്തപുരം : അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അറബിക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇവയെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മാസം 17 വരെ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ മഴയ്ക്ക് കാരണമായ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ‘കൊമ്പസു’ ചുഴലിക്കാറ്റ് ശക്തി കുറയുന്നത്തിന്റെ ഫലമായി അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് താത്കാലികമായി ദുര്‍ബലമായിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ ശക്തമായിരുന്ന പടിഞ്ഞാറന്‍ കാറ്റ് വടക്കന്‍ കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ഏതാനും ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിച്ചു.
സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
