കൊച്ചി: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവഹിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രണ്ട് പ്രളയങ്ങളും, രണ്ട് കോവിഡ് തരംഗങ്ങളും തകര്‍ത്ത കേരളത്തിലെ വ്യാപാരികള്‍ക്ക് കോവിഡ് അതിജീവന പാക്കേജ്പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കണം.
വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗമുള്ളവരെയും സമ്പര്‍ക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റുന്നതിന് നടപടി വേണമെന്ന് ഹര്‍ജിയില്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷകന് എസ് ശ്രീകുമാര്‍ മുഖേനയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. അതിനാല്‍ ഓണം സമയത്തും ലോക്ക്ഡൗണ്‍ തുടരുന്നത് അംഗീകരിക്കാനാവില്ല എന്നും വ്യാപാരികള്‍ പറയുന്നു. ടാക്സ് ഇളവ്, കട വാടക നികുതി ഒഴിവാക്കല്‍, കെഎസ്ഇബി കുടിശ്ശികയില്‍ ഇളവ് തുടങ്ങിയവയും വ്യാപാരികളുടെ ആവശ്യങ്ങളാണ്.
സ്റ്റോക്ക് നശിക്കുന്നതടക്കമുള്ള നഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരികള്‍ക്ക് നഷ്ട പരിഹാരം നല്‍കുകയും, ജിഎസ്ടി തിരികെ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ കോവിഡ് അതിജീവന പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
