കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിയായ മാനസ[24]യാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് രാഖിലാണ് വെടിയുതിര്‍ത്തത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവെച്ച് മരിച്ചു.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് മാനസ. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് സംഭവം. മാനസ കോളേജിനോട് ചേര്‍ന്ന ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോള്‍ രാഖില്‍ ഈ പെണ്‍കുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയെന്നാണ് വിവരം. ഇവിടെ വെച്ചാണ് വെടിവെച്ചത്. ആളുകള്‍ മുറി തുറന്ന് അകത്ത് കടന്നപ്പോള്‍ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. മാനസയുടെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പെട്ടെന്ന് പ്രകോപനം ഉണ്ടായതാണോയെന്ന് അറിയേണ്ടതുണ്ട്. രാഗിനെ മാനസ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദൃക്സാക്ഷികളുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.
