കെസിഎല്‍ ഫാന്‍ ലീഗില്‍ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാര്‍

തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച കെസിഎല്‍ ഫാന്‍ ലീഗില്‍ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലില്‍ യുവ രാമനാട്ടുകരയെ 30 റണ്‍സിന് തോല്‍പ്പിച്ചാണ് ആഷസ് ജേതാക്കളായത്. ജേതാക്കള്‍ക്ക് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത് വി നായര്‍ ട്രോഫികളും ക്യാഷ് പ്രൈസായ 30,000 രൂപയും സമ്മാനിച്ചു.

സിഇഒ ആന്‍ഡ് സിഎഫ്ഒ മിനു ചിദംബരം, കെസിഎ വൈസ് പ്രസിഡന്റ് കെ സതീശന്‍, ട്രഷറര്‍ ടി അജിത് കുമാര്‍,ആര്‍ബിഎല്‍ ബാങ്ക് കേരള ഹെഡ് റിജോ ജോണും ബ്രാഞ്ച് മാനേജര്‍ അഭിലാഷ് ഡേവിഡ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെസിഎല്ലിന് മുന്നോടിയായി സംസ്ഥാനത്ത് ക്രിക്കറ്റ് ആവേശം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫാന്‍ ലീഗ് സംഘടിപ്പിച്ചത്.

കെസിഎല്ലിലെ വിവിധ ടീമുകള്‍ പ്രതിനിധീകരിക്കുന്ന ആറ് ജില്ലകളിലായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഓരോ ജില്ലകളിലെയും ജേതാക്കളാണ് കഴക്കൂട്ടത്തെ ദി ഓവല്‍ ടര്‍ഫില്‍ നടന്ന ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ആഷസ് കൊട്ടാരക്കര അഞ്ച് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തു. ഒന്‍പത് പന്തുകളില്‍ 25 റണ്‍സെടുത്ത നിസാമാണ് ആഷസിന്റെ ടോപ് സ്‌കോറര്‍. യുവ രാമനാട്ടുകരയ്ക്ക് വേണ്ടി വിഷ്ണു രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുവയ്ക്ക് അഞ്ച് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് മാത്രമാണ് നേടാനായത്. ഒരോവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ റോബിന്റെ പ്രകടനമാണ് ആഷസിന് വിജയമൊരുക്കിയത്.

യുവ രാമനാട്ടുകരയുടെ ജോസാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. യുവയുടെ തന്നെ അസ്ലം മാവൂര്‍ മികച്ച ബാറ്ററായും വിഷ്ണു നന്ദന്‍ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയതും അസ്ലം മാവൂരാണ്. ഫോര്‍ച്യൂണ്‍ സിസി (തിരുവനന്തപുരം), ആഷസ് കൊട്ടാരക്കര (കൊല്ലം), ടീം കോണ്‍ക്വറേഴ്‌സ് (ആലപ്പുഴ), ഐഡ ബറ്റാലിയന്‍സ് (കൊച്ചി), ലെജന്റ്‌സ് പൊന്നൂക്കര (തൃശൂര്‍), യുവ രാമനാട്ടുകര (കോഴിക്കോട്) എന്നീ ടീമുകളായിരുന്നു ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *