ബിന്ദു പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇര; വീണ ജോര്‍ജ് രാജി വയ്ക്കണം: വി. മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ലെന്നും ലജ്ജയുണ്ടെങ്കില്‍ മന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച ബിന്ദു പിണറായി സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇരയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.

ബിന്ദു പ്രാണനുവേണ്ടി പിടയുമ്പോഴാണ് കെട്ടിടത്തില്‍ ആരുമില്ലെന്ന് ആരോഗ്യമന്ത്രിയും വാസവന്‍ മന്ത്രിയും പ്രഖ്യാപിച്ചത്. ആളുണ്ടെന്ന് സമ്മതിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകരുമെന്ന് ഇരുവര്‍ക്കും അറിയാം. മൃതദേഹം കണ്ടെത്തിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലും സര്‍ക്കാരിന്റെ നേട്ടം എണ്ണിപ്പറയുകയായിരുന്നു വീണാജോര്‍ജ്. ധാര്‍ഷ്ട്യത്തിന്റെയും താന്‍പോരിമയുടെയും അവതാരമാണ് ആരോഗ്യമന്ത്രിയെന്നും വി. മുരളീധരന്‍ പറഞ്ഞു.

ദുരന്തനിവാരണ വകുപ്പും പൊതുമരാമത്തു വകുപ്പും ഭരിക്കുന്ന മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനും ഉത്തരവാദിത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വി. മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ കേരളത്തിലെ മെഡിക്കല്‍ കോളജില്‍ സര്‍ജറി നടക്കണമെങ്കില്‍ സൂചിയും നൂലുമടക്കം രോഗി വാങ്ങി നല്‍കണമെന്ന അവസ്ഥയാണ്. കേരളത്തിന്റെ ആരോഗ്യമേഖലയുടെ ഗതികേടിന്റെ നേര്‍ച്ചിത്രമാണ് ഡോ.ഹാരിസും കോട്ടയം മെഡിക്കല്‍ കോളജുമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *