ഹൃദയഹാരിയായ കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന ഡോക്ടര്‍ ഷൈനി മീര എന്ന എഴുത്തുകാരിയെ അക്ഷരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല. വ്യത്യസ്തമായ രചനാ ശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തമായ എഴുത്തുകാരി. ഇത്രയേറെ തീവ്രമായി, നൈസര്‍ഗികമായി, നിഷ്‌കളങ്കമായി, വളരെ ചുരുങ്ങിയ കാലം കൊണ്ട് വായനക്കാര്‍ക്ക് പ്രിയങ്കരിയായി മാറിയ ഷൈനി മീര… അക്ഷരങ്ങള്‍ അവര്‍ക്ക് നിശ്വാസവായു തന്നെയാണ്. സാഹിത്യലോകത്ത് സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തിയ ഷൈനി മീരയെക്കുറിച്ച് കൂടുതല്‍ അറിയാം…

പത്താം വയസ്സിലാണ് മീരയിലെ എഴുത്തുകാരി സജീവമായി തുടങ്ങിയത്. ഭഗവാന്‍ കൃഷ്ണനോടുള്ള ഭക്തിയും ഇഷ്ടവുമാണ് അതിന് കാരണം. അങ്ങനെ ആദ്യ കവിത ആ കുഞ്ഞു വിരലുകളില്‍ വിരിഞ്ഞു. എന്നാല്‍ കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ കണ്ണന്റെയും രാധാറാണിയുടെയും പ്രണയത്തെ കുറിച്ചും വിരഹത്തെ കുറിച്ചും എഴുതി. വിട്ടുകൊടുക്കലാണ് സ്‌നേഹം എന്ന തിരിച്ചറിവിലൂടെ കണ്ണനെ കുറിച്ചു വീണ്ടും വീണ്ടും എഴുതി. അങ്ങനെയാണ്, ‘കണ്ണാ നിനക്കായി’ എന്ന കവിത എഴുതുന്നത്. പിന്നീട് പ്രകൃതിയില്‍ കാണുന്നതിനെ കുറിച്ചെല്ലാം എഴുതാന്‍ തുടങ്ങി. പതിനാറാം വയസ്സില്‍ ഒരു ചെറുകഥ എഴുതി. പതിനേഴാം വയസ്സില്‍ വിവാഹം കഴിഞ്ഞതോടെ എഴുത്ത് പാതിവഴിയിലായി. വീണ്ടും എഴുതാന്‍ തുടങ്ങുന്നത് 25 വര്‍ഷങ്ങള്‍ക്കിപ്പുറമാണ്.

ബിസിനസ്സ് കുടുംബത്തിലേക്കാണ് മീര വിവാഹം കഴിഞ്ഞ് എത്തിയത്. ഒന്‍പത് വര്‍ഷമായി ഗുരുവായൂരിലും ഹരിപ്പാടുമായാണ് താമസം. അവിടെ വച്ചാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം തോന്നിയത്. അദ്യം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മംഗല്യ കോംപ്ലക്‌സില്‍ ഒരു ഷോപ്പ് ആരംഭിച്ചു, ശേഷം മീരാസ് ഫുഡ് പ്രോഡക്റ്റ്‌സ് എന്ന കമ്പനി തുടങ്ങി. എന്നാല്‍ കൊവിഡ് കാലത്ത് ക്ഷേത്രം അടച്ചപ്പോള്‍, ഷോപ്പ് അടയ്‌ക്കേണ്ടി വന്നു.
ജോലി നഷ്ടപ്പെട്ടതോടെ, ഷോപ്പില്‍ ജോലി ചെയ്തിരുന്നവര്‍ വളരെ ബുദ്ധിമുട്ടിലായി. അതില്‍ മനസ്സ് വേദനിച്ചെങ്കിലും ചിലര്‍ക്കെങ്കിലും ജോലിയാകട്ടെയെന്ന് കരുതിയാണ് മീരാസ് ഫുഡ് പ്രോഡക്റ്റ്‌സ് വീണ്ടും ആരംഭിച്ചത്. കൂടാതെ, ഇപ്പോള്‍ ‘മീരാസ് റേസ്‌റ്റോ കഫേ’ എന്ന ഒരു റസ്‌റ്റോറന്റ് കൂടി തുടങ്ങി. അതോടൊപ്പം, ദുബായില്‍ ഒരു ബിസിനസ് ആരംഭിക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

തനിക്ക് എഴുതുവാനുള്ള കഴിവുണ്ടെന്നും അത് എല്ലാവര്‍ക്കും കിട്ടുന്ന ഒന്നല്ലെന്നും കുട്ടികള്‍ വലുതായ സ്ഥിതിയ്ക്ക് ഇനിയെങ്കിലും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചു വരണമെന്നും നിരന്തരം ഉപദേശിച്ച് വീണ്ടും എഴുത്തിന്റെ ലോകത്തേയ്ക്ക് മീരയെ തിരിച്ചു കൊണ്ടുവന്നത് മീരയുടെ പ്രീയപ്പെട്ട സുഹൃത്തുക്കളാണ്. ലോകം അറിയുന്ന രീതിയില്‍ എഴുത്തുകാരിയായി മാറണമെന്നും ഉപദേശിച്ച് പ്രചോദിപ്പിക്കുന്ന അവര്‍ തന്നെയാണ് ഇന്ന് സാഹിത്യത്തില്‍ നിന്നും ഡോക്ടറേറ്റ് നിറവില്‍ എത്താനുള്ള കാരണമെന്നും മീര പറയുന്നു.
കുടുംബാധിഷ്ഠിതമായ വിഷയങ്ങളാണ് മീരയുടെ കവിതകളിലേറെയും. ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം അടുത്തു കൂടുന്നവര്‍… അതിലും വേഗത്തില്‍ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്നവര്‍… കൂടിച്ചേരുന്നതിനേക്കാള്‍ ഏറെ വേര്‍പിരിയുന്നവര്‍, മനസിന് മുറിവേല്‍പ്പിക്കുന്ന എന്തും കവിതകളില്‍ വിഷയമാകാറുണ്ട്. ‘ഞാന്‍ നിനക്കാരായിരുന്നു’ എന്ന രചനയാണ് പ്രസിദ്ധീകരിച്ച ആദ്യ കവിത. ഒരു പിന്‍ വിളിയും കാത്ത്, കുളക്കടവ്, ഗ്രാമഫോണ്‍, രക്തക്കറ പുരണ്ട കത്തി, മലയോരത്തെ മാളിക വീട്, ആര്‍ട്ടിസ്റ്റ്, ഒരു വിളിപ്പാടകലെ തുടങ്ങിയവയാണ് പ്രധാന സാഹിത്യ സൃഷ്ടികള്‍. ‘ഒരു പ്രണയത്തിന്റെ നൊമ്പര പൂവ്’ ആണ് പ്രസിദ്ധീകരിച്ച ആദ്യ നോവല്‍.

‘കുളക്കടവിലെ ഓര്‍മകള്‍’ എന്ന ചെറുകഥയില്‍ മീര സ്വന്തം ഗ്രാമത്തെ വരച്ചുകാട്ടിയിരിക്കുന്നു. അക്ഷരാഗ്‌നി സാഹിത്യവേദിയിലാണ് 25 വര്‍ഷങ്ങള്‍ക്കു ശേഷം മീര വീണ്ടും എഴുതാന്‍ ആരംഭിച്ചത്. ഭക്ഷണം മോഷ്ടിച്ചതിനു തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ ജീവിതം ആസ്പദമാക്കി എഴുതിയ ‘കരിഞ്ഞുണങ്ങിയ പുല്‍നാമ്പുകള്‍’, കാമുകന്റെ കൂടെ സ്വസ്ഥമായി ജീവിക്കാന്‍ തന്റെ കുഞ്ഞ് ഒരു തടസമായി കണ്ട അമ്മ ഒന്നര വയസുള്ള തന്റെ ഓമന മകനെ ആലപ്പുഴയുടെ കടല്‍ തീരത്തു പാറപ്പുറത്തു അടിച്ചു കൊന്നതുമായി ബന്ധപ്പെട്ടു എഴുതിയ ‘ഞാന്‍ കണ്ട വിശ്വരൂപം’ എന്ന കവിതയും ആരുടെയും ഹൃദയം പിടിച്ചുലയ്ക്കുന്നതാണ്.
87 മുതലുള്ള എഴുത്തുകളുടെയും പുസ്തകങ്ങളുടെയും ലഭിച്ച പുരസ്‌കാരങ്ങളുടെയും കൂടാതെ 101 കഥാ കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങാന്‍ പോകുന്നതിന്റെയും അടിസ്ഥാനത്തില്‍ മീരയെ തേടി ഡോക്ടറേറ്റ് പദവിയെത്തി. കൂടാതെ, 85 ല്‍ അധികം പുരസ്‌കാരങ്ങളും ആദരവുകളും ഈ കാലയളവില്‍ അവര്‍ നേടിക്കഴിഞ്ഞു.

ഡല്‍ഹിയില്‍ നിന്നും ലഭിച്ച അംബേദ്ക്കര്‍ നാഷണല്‍ അവാര്‍ഡ്, മഹാരാഷ്ട്രയില്‍ നിന്നും ലഭിച്ച പത്മ പുരസ്‌കാരം, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ലഭിച്ച ദി ഗ്രേറ്റ് ആര്‍ട്ടിസ്റ്റിക് പുരസ്‌കാരം, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയില്‍ നിന്നും സ്വീകരിച്ച പ്രേം നസീര്‍ പുരസ്‌കാരം, പോണ്ടിച്ചേരി അഭ്യന്തര മന്ത്രി നമശിവായത്തില്‍ നിന്നും സ്വീകരിച്ച NRI സാഹിത്യ ശ്രീ പുരസ്‌കാരം എന്നിവ വളരെ പ്രധാനപ്പെട്ടവയാണ്. കൂടാതെ അക്കിത്തം പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, സംസ്ഥാന മയിലമ്മ പുരസ്‌കാരം, സംസ്ഥാന ബിഹൈന്‍ഡ് ദി കര്‍ട്ടന്‍ പുരസ്‌കാരം, BSS ദേശീയ അവാര്‍ഡും എന്നിവയും ഉള്‍പ്പെടുന്നു.
എഴുത്തു പോലെ തന്നെ ജീവശ്വാസമായി, ജീവകാരുണ്യ മേഖലയിലും മീര പ്രവര്‍ത്തിക്കുന്നു. അശരണര്‍ക്കായി ഒരു സ്‌നേഹ സ്പര്‍ശം എന്നും കൂടെ കൂട്ടാറുണ്ട്. 2021 ല്‍ ഗുരുവായൂരില്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടാനുള്ള അവസരം കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി കരുതുന്നു
ഐ ടി മേഖലയിലേക്കുള്ള പ്രവേശനം
എഴുത്തിനും ഭക്ഷണ മേഖലയിലെ സംരംഭത്തിനും പുറമേ ഐ ടി മേഖലയിലേക്കും ചുവടുവെച്ചിരിക്കുകയാണ് മീര ഇപ്പോള്‍. ബാംഗ്ലൂരില്‍ ഐ ടി ഉദേ്യാഗസ്ഥനായ സുരേഷ് കുമാറിന്റെ പിന്തുണയോടെയാണ് ഐ ടി മേഖലയില്‍ ചുവടുവെച്ചത്. ന്യൂ മെറിക്ക്‌സ് എന്ന ഐ ടി കമ്പനിയുടെ പ്രസിഡന്റ് ആണ് ഡോക്ടര്‍ ഷൈനി മീര. കൂടാതെ, സുരേഷ് കുമാറിന്റെ അമ്മ സുഭദ്രാ മേനോന്റെയും അച്ഛന്‍ സുകുമാരന്റെയും സഹോദരി ഷീബയുടേയും മകന്‍ ആര്യന്റെയും പൂര്‍ണ പിന്തുണയും മീരക്ക് ലഭിക്കുന്നുണ്ട്. ഇവരുടെയെല്ലാം പിന്തുണയോടെ ഈ മേഖലയിലും തന്റേതായ ഒരിടം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് മീര.

കുടുംബം:
മക്കള്‍ രണ്ടുപേരാണ്. മകള്‍ അഗ്ര എസ് രാജ് (പൊന്നു) എംബിബിഎസ് കഴിഞ്ഞു, ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു. ഇപ്പോള്‍ ഭര്‍ത്താവ് യദുകൃഷ്ണനുമായി ഓസ്ട്രലിയയില്‍ സെറ്റില്‍ഡാണ്. മകന്‍ അരവിന്ദ് എസ് രാജ് (കണ്ണന്‍) ബി ടെക്ക് പെട്രോളിയം എഞ്ചിനീയറിങ് കഴിഞ്ഞു ജോലിയില്‍ പ്രവേശിച്ചു. രചനകള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും മകനാണ് എന്നാണ് മീര പറയുന്നത്. വത്സല മണിയന്‍ ആണ് മീര ഷൈനിയുടെ അമ്മ.
2025 ല്‍ ചെയ്ത് തീര്‍ക്കാനുള്ളത്
തന്റെ സിനിമ എന്ന സ്വപ്‌നം ഈ വര്‍ഷം സഫലീകരിക്കണം എന്ന ലക്ഷ്യത്തിന് പിറകെയാണ് മീര ഇപ്പോള്‍. ‘ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്’ എന്ന ഒരു കഥ ഒരു മത്സരത്തില്‍ പങ്കെടുക്കാനായി എഴുതിയിരുന്നുവെങ്കിലും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആ കഥ സിനിമക്ക് യോജിച്ച രീതിയില്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. സംവിധായകന്‍ അനീഷ് ജെ കരിനാടാണ് മീരയുടെ കഥ കേട്ടശേഷം സിനിമയാക്കാം എന്ന അഭിപ്രായം പറഞ്ഞത്. ഇതിലെ ഗാനങ്ങള്‍ എഴുതിയതും മീര തന്നെയാണ്.

കൂടാതെ, ഗുരുവായൂരപ്പന്റെ 10 ഭക്തി ഗാനങ്ങള്‍ മീര എഴുതിയിട്ടുണ്ട്. അതൊരു ആല്‍ബമായി ഇറക്കാനുള്ള തയ്യാറെടുപ്പിലുമാണ്. എന്നാല്‍ വേദനയുള്ള കാര്യം ഇതിലെ ഒരു ഗാനം ഭാവഗായകന്‍ പി ജയചന്ദ്രന് വേണ്ടി എഴുതിയതായിരുന്നു എന്നതാണ്. നിര്‍ഭാഗ്യവശാല്‍ അത് ഇനി സാധ്യമല്ല. ഹരിഹരന്‍, സിദ്ധി ശ്രീറാം എന്നിവരെ കൊണ്ടായിരിക്കും ഗാനങ്ങള്‍ ആലപിക്കുക. സംഗീത സംവിധാനം Dr. ശ്യാം നാഥ് പുനലൂരാണ്. കൂടാതെ ദുബായിലെ ബിസിനസ് എത്രയും വേഗം ആരംഭിക്കുക എന്നതും ഈ വര്‍ഷത്തിലെ ലക്ഷ്യമാണ്.
എഴുത്തിലും സംഗീതത്തിലും സംരംഭക എന്ന നിലയിലും ജീവകാരുണ്യ പ്രവര്‍ത്തക എന്ന നിലയിലുമെല്ലാം ഉയരങ്ങളിലേക്കുള്ള വിജയയാത്ര തുടരുകയാണ് ഡോ. ഷൈനി മീര. തന്റെ സ്വപ്‌നങ്ങളൊക്കെയും സാക്ഷാത്കരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായി മാറുകയാണ് ഈ എഴുത്തുകാരിയും സംരംഭകയും. ‘കര്‍മശക്തി’യുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.


 
                                            