ബൂവറി അനുമതിയിലെ ദുരൂഹത നീക്കണം: വി.മുരളീധരന്‍

തിരുവനന്തപുരം : പാലക്കാട്ട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹതയേറ്റുന്നത്. ഈ കമ്പനി കേരളത്തില്‍ വരാന്‍ കാരണം കെജ്രിവാള്‍ പിണറായി ബാന്ധവമാണോ എന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് ചോദിച്ചു. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ജലദൌര്‍ലഭ്യമുള്ള പ്രദേശത്ത് ബ്രൂവറി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതിലൂടെ കാര്‍ഷിക മേഖലയെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. പ്ലാച്ചിമട സമരം സിപിഎം മറന്നുപോയോ എന്നും മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു. സംസ്ഥാനത്ത് ഇനി ബ്രൂവറിയോ ഡിസലറിയോ വേണ്ടെന്ന നായനാര്‍ മന്ത്രിസഭയുടെ തീരുമാനം എപ്പോഴാണ് മാറിയതെന്നും വി.മുരളീധരന്‍ ചോദ്യമുയര്‍ത്തി.

ഒയാസിസ് കമ്പനിയുടെ വരവിലെ ദുരൂഹത നീക്കാതെ തിടുക്കത്തില്‍ എടുക്കുന്ന തീരുമാനം അഴിമതിയുടെ തുടക്കമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകില്ല. മുഖ്യമന്ത്രിയുടെ മകള്‍ ഒരു അഴിമതിയില്‍ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കേന്ദ്രസര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത കമ്പനിയല്ലേ എന്ന വിശദീകരണം നിലനില്‍ക്കുന്നതല്ല. അനവസരത്തില്‍ കേന്ദ്രത്തെ ചാരി രക്ഷപ്പെടുന്നത് ആദ്യമായല്ലെന്നും വി.മുരളീധരന്‍ പ്രതികരിച്ചു.
യുപിഎ സര്‍ക്കാരിന്റെ കല്‍ക്കരി അഴിമതിക്ക് സമാനമോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *