സിനിമ നിർമാതാക്കൾക്കെതിരെയുളള സാമ്പത്തിക തട്ടിപ്പ് കേസ് വീണ്ടും തുടർക്കഥയായി തുടരുകയാണ്. മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റിന് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി കിട്ടിയിരിക്കുകയാണ്. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽക്കിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പരാതി നൽകിയത്.
ആർ.ഡി.എക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി.സിനിമയ്ക്കായി 6 കോടി രൂപ നൽകിയെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല. വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
